Sauditimesonline

7 alif school
സാങ്കേതിക മികവിന് വേദിയൊരുക്കി അലിഫ് സ്‌കൂള്‍ 'വെബ് ചാമ്പ്യന്‍ഷിപ്പ്'

ഹംസ ജമാലിക്ക് യാത്രയയപ്പ്

റിയാദ്: പ്രമുഖ ഗ്രന്ഥകാരനും ഇസ്ലാമിക പ്രഭാഷകനുമായ ഉസ്താദ് ഹംസ ജമാലി കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സൗദി മതകാര്യ വകുപ്പിനു കീഴില്‍ മജ്മ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകനാണ്. നേരത്തെ മദീനയിലും റിയാദിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് സ്വദേശിയാണ്. പള്ളിദര്‍സില്‍ പഠനം പൂര്‍ത്തിയാക്കി മദ്രാസ് ജമാലിയ്യ അറബിക് കോളേജില്‍ നിന്ന് ജമാലി ബിരുദം നേടി. തമിഴ്‌നാട്ടിലെ മദ്‌റസത്തുറഹ്മാനിയ്യ സുന്നിയ്യാ അറബിക് കോളേജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നവോത്ഥാന പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി തിരൂരങ്ങാടി കെ.എം.എം.ഒ അറബിക് കോളേജില്‍ അധ്യാപകനായി. സമീപ പ്രദേശങ്ങളിലെ പള്ളികളില്‍ ഖതീബായും സേവനം അനുഷ്ഠിച്ചു. നാല്‍പത് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. അല്‍മനാര്‍, ശബാബ്, അല്‍ഇസ്ലാഹ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും എഴുതിയിരുന്നു. ജാലിയാത്തിന് കീഴില്‍ ഹജ്ജ് ഉംറ വിഷയങ്ങളില്‍ ധാരാളം പുസ്തകങ്ങള്‍ മലയാളത്തില്‍ രചിച്ചിട്ടുണ്ട്.

സൗദിയിലെ മലയാളി മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ പുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനും നേതൃത്വം നല്‍കി. ഖുര്‍ആന്‍ തജ്‌വീദ് സംബന്ധിച്ച ഹംസ ജമാലിയുടെ പുസ്തകം പ്രശസ്തമാണ്. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹംസ ജമാലിക്ക് റിയാദ് ഇസ്ലാഹീ സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) യാത്രയയപ്പ് നല്‍കി. ബത്ഹ ഇസ്ലാഹി സെന്ററില്‍ നടന്ന ചടങ്ങില്‍ ആര്‍.ഐ.സി.സി ചെയര്‍മാന്‍ അശ്‌റഫ് രാമനാട്ടുകര അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ അബ്ദുറഹീം ഹംസ ജമാലിക്ക് ഉപഹാരം സമ്മാനിച്ചു.

മൊയ്തു അരൂര്‍, അബ്ദുല്‍ റസാഖ് സ്വലാഹി, മുഹമ്മദ് ഇഖ്ബാല്‍ കൊല്ലം, ഷനോജ് അരീക്കോട്, അഡ്വ.ഹബീബ് റഹ്മാന്‍, ജാഫര്‍ പൊന്നാനി, അബ്ദുറഊഫ് സ്വലാഹി, ബഷീര്‍ കുപ്പോടന്‍, അബ്ദുല്‍ ലത്തീഫ് കടുങ്ങല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹംസ ജമാലി മറുപടി പ്രഭാഷണം നിര്‍വ്വഹിച്ചു. ജമാലി നേതൃത്വം നല്‍കുന്ന ‘വെളിച്ചം’ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠനം നാട്ടിലെത്തിയാലും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top