Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

‘റിസ’ അന്താരാഷ്ട്ര പ്രസംഗ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ കൂട്ടായ്മയായ ‘റിസ’ ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക; നിക്കോട്ടിന്‍, പുകയില ആസക്തി തടയുക’ എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

സുബൈര്‍കുഞ്ഞ് അനുസ്മരണ ദിനത്തില്‍ നടന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലഹരി നിര്‍മാര്‍ജന പദ്ധതി ‘തുഫാ’നുമായി സഹകരിച്ച് ‘റിസ’യുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ നാട്ടിലും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ് വിജയികളെ പ്രഖ്യാപിച്ചു. അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ എന്‍. അബ്ദുല്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പത്മിനി യു. നായര്‍ സ്വാഗതവും കരുണാകരന്‍ പിള്ള നന്ദിയും പറഞ്ഞു. ഗ്രീസ് സ്വദേശിനിയും മുന്‍ പുകവലിക്കാരിയുമായ ക്രിസ്റ്റിയാന അനുഭവം പങ്കുവെച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.

മലയാളം വിഭാഗത്തില്‍ ജ്ഞാനശ്രീ പ്രഭു (ടി.ഡി.എച്ച്.എസ്.എസ്, തുറവൂര്‍), ഐഷ ഇബ്രാഹിം (ഡി.പി.എസ്, അജ്മാന്‍), ഐമ അറഫാത്ത് (ഡി.പി.എസ്, അജ്മാന്‍) എന്നിവരാണ് ജേതാക്കള്‍

ഇംഗ്ലീഷ് (സീനിയര്‍ ഗ്രേഡ് 10, 11, 12) വിഭാഗത്തില്‍ റിദ അബ്ദുള്‍ റഹുമാന്‍ (യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍, റിയാദ്), അസ ഷാജിദ് (ബെഞ്ച് മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഞ്ചേരി), റയാന്‍ ടോം ബോബി (യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, കുവൈത്ത്) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.

ഇംഗ്ലീഷ് (ജൂനിയര്‍ ഗ്രേഡ് 8, 9) വിഭാഗത്തില്‍ ഗുണിക കൗള്‍ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ദമാം), റന ഐഷ (ബെഞ്ച് മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഞ്ചേരി), സോന ഹന്ന സഞ്ജു (യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍, റിയാദ്) എന്നിവരാണ് ജേതാക്കള്‍.
പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ‘റിസടാഗ്’ ലഹരിവിരുദ്ധ പ്ലാറ്റ്‌ഫോമില്‍ അംഗത്വം നല്‍കും. പതിനൊന്നാമത് ലഹരിവിരുദ്ധ പ്രതിജ്ഞാ ക്യാമ്പയിന്‍ ജൂണ്‍ 25 മുതല്‍ 30 വരെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുമെന്നും റിസ കണ്‍വീനര്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സല്‍ട്ടന്റ് ഡോ. ഭരതന്‍ എ.വി എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top