റിയാദ് ഡയസ്‌പോറയില്‍ പങ്കെടുക്കാന്‍ സക്കീര്‍ വടക്കുംതലയുടെ നേതൃത്വത്തിലുളള സംഘം കോഴിക്കോടേയ്ക്കുളള യാത്രയില്‍
കോഴിക്കോട്: ഓര്‍മകളുടെ അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം. ആഗസ്ത് 17ന് നടക്കുന്ന റിയാദ് ഡയറസ്‌പോറയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നു കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലേയ്ക്ക് പ്രതിനിധികളുടെ യാത്ര തുടങ്ങി. കാലങ്ങളായി കുടിയേറ്റം തലമുറകളിലൂടെ കൈമാറുകയാണ്. പ്രവാസത്തിന്റെ ചൂടും ചൂരും അനുഭവിച്ചര്‍ക്കു മാത്രമേ അതിന്റെ മാധുര്യവും തീഷ്ണമായ കഥകളും ഓര്‍ക്കാന്‍ കഴിയൂ. അന്നം തേടി ത്യാഗം സഹിച്ച് കടല്‍കടന്നവരുണ്ട്. അങ്ങനെ ആശ്വാസ തീരത്ത് ജീവിതം കരുപ്പിടിപ്പിച്ചവരുണ്ട്. അതിജീവനത്തിന്റെ സഹനം തലമുറകള്‍ക്ക് ആനന്ദം സമ്മാനിച്ചവരുണ്ട്. അത്തരം ഓര്‍മകളിലൂടെയുളള സഞ്ചാരമാകും റിയാദ് ഡയസ്‌പോറ.
റിയാദിലെ സാമൂഹിക, സാസ്‌കാരിക രംഗത്തു ദീര്‍ഘകാലം സജീവമായിരുന്ന സക്കീര്‍ വടക്കുംതലയുടെ നേതൃത്വത്തില്‍ കൊല്ലത്തു നിന്നു 22 കുടുംബങ്ങള്‍ കോഴിക്കോടേക്കുളള യാത്രയുടെ വീഡിയോ പങ്കുവെച്ചത് ഇതിനകം പല വാട്‌സ്ആപ് ഗ്രൂപ്പുകളിലും ചര്‍ച്ചയായിട്ടുണ്ട്. പ്രവാസം സമ്മാനിച്ച അടുപ്പത്തിന്റെയും കരുതലിന്റെയും അടയാളം കൂടിയാണ് അവരുടെ യാത്ര. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുളളവരിലേറെയും ട്രെയിന്‍ മാര്‍ഗം കോഴിക്കോടേയ്ക്ക് യാത്ര തിരിച്ചു.
രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 10ന് നടക്കുന്ന വേദി ഉദ്ഘാടനത്തില്‍ ഡോ. എംപി അബ്ദുല്‍ സമദ് സമദാനി എംപി മുഖ്യാതിഥിയായിരിക്കും. 11ന് ലോഗോ പ്രകാശനത്തില്‍ അഡ്വ. ടി സിദ്ദീഖ് എംഎല്‍എ പങ്കെടുക്കും. ഉച്ചക്ക് 2.00ന് സംഗം പൊതുമരാമത്തു വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഡോ. എംകെ മുനീര്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. 3.00 മുതല്‍ റാസ, ബീഗം നയിക്കുന്ന ഗസല്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്.
പ്രതിനിധികളെ സ്വീകരിക്കാന്‍ ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, അഷ്‌റഫ് വേങ്ങാട്ട്, ബാലചന്ദ്രന്‍ നായര്‍, അയ്യൂബ് ഖാന്‍, നൗഫല്‍ പാലക്കാടന്‍, ഉബൈദ് എടവണ്ണ, ഷാജി ആലപ്പുഴ, ബഷീര്‍ പാങ്ങോട് നാസര്‍ കാരക്കുന്ന് എന്നിവരുടെ നേതൃത്വത്തിലുളള സംഘാടകര്‍ സജീവമായി രംഗത്തുണ്ട്. പ്രവാസം പോലെ അവിസ്മരണീയ മുഹൂര്‍ത്തമാകും റിയാദ് ഡയസ്‌പോറ സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും കോഴിക്കോടേയ്ക്ക് യാത്ര തിരിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.