റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ നടപ്പിലാക്കുന്ന ‘റിയാദ് ഹരിതവത്ക്കരണ പദ്ധതി’ അസീസിയയില്‍ ആരംഭിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലും 75 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ഹരിതവത്ക്കരണം നാല് മെഗാ പദ്ധതികളില്‍ ഒന്നാണ്.
റിയാദ് നഗരത്തില്‍ ജനസാന്ദ്രത കൂടിയ അസീസിയ പ്രദേശത്താണ് ഹരിതവത്ക്കരണ പദ്ധതി ആരംഭിച്ചത്. 54 പാര്‍ക്കുകള്‍, 61 സ്‌കൂളുകള്‍, 121 പള്ളികള്‍, 78 പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ കൂടാതെ റോഡുകളും നടപ്പാതകളും ഉള്‍പ്പെടെ 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റ ഭാഗമായി 6.23 ലക്ഷം മരങ്ങളും കുറ്റിക്കാടുകളും അസീസിയയില്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. അടുത്ത മാസം 7 വരെ ഹരിതവത്ക്കരണ പരിപാടി തുടരും.
120ലധികം താമസ കേന്ദങ്ങളാണ് അസീസിയയിലുളളത്. ഇവിടങ്ങളില്‍ പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായി പ്രത്യേക രൂപകല്പന ചെയ്താണ് ഹരിതവത്ക്കരണം നടപ്പിലാക്കുന്നത്.
രാജ്യത്ത് 100 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് പദ്ധതി. നഗരത്തില്‍ പാര്‍പ്പിടങ്ങള്‍ ധാരാളമുളള പ്രദേശങ്ങളില്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതി നവീകരിക്കുകയാണ് ലക്ഷ്യം. ഹരിത ഇടങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാന്‍ പ്രതിദിനം ഒരു ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.