Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

നന്ദനും ദേവിയും പ്രത്യക്ഷപ്പെട്ട ‘സുഖമോ ദേവി’; ‘റിംല’യില്‍ സംഗീതം പെയ്തിറങ്ങി

റിയാദ്: സംഗീത സാന്ദ്രമായ ‘സുഖമോ ദേവി’ ആലപിച്ചപ്പോള്‍ 1986ല്‍ റീലീസായ ചിത്രത്തില്‍ പ്രണയത്തിന്റെ മഴനനഞ്ഞ് നന്ദനും ദേവിയും വേദിയില്‍ പ്രത്യക്ഷപ്പെട്ട അനുഭവമാണ് സംഗീത ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഇതോടെ ‘നിന്‍തഴല്‍തൊടും മണ്‍തരികളും മംഗല നീലാകാശവും’ എന്നു കാണികളും ഏറ്റുപാടി. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാം വാര്‍ഷികാഘോഷത്തില്‍ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്റെ സംഗീത വിരുന്നാണ് ആസ്വാദകര്‍ക്ക് പതിറ്റാണ്ടുകള്‍ക്കു മുമ്പ് സൂപ്പര്‍ ഹിറ്റായ സിനിമാ രംഗങ്ങള്‍ ഓര്‍മ്മപ്പെടുത്തിയത്.

ഗംഗേ തുടിയില്‍ ഉണരും, ഹരിമുരളീവരം, പ്രമദവനം, ഗോപികാ വസന്തം എന്നീ ഗാനങ്ങളും ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. അല്‍ മാലി ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ പ്രവാസികള്‍ ആത്മ നിര്‍വൃതിയോടെയാണ് സംഗീത വിരുന്ന് ആസ്വദിച്ചത്. കേരളത്തില്‍ നിന്നെത്തിയ ഓര്‍ക്കേസ്ട്ര ടീമിനൊപ്പം റിയാദിലെ റിംല കലാകാരന്‍മാരും ചേര്‍ന്നാണ് ലൈവ് ഓര്‍ക്കേസ്ട്രാ ഒരുക്കിയത്.

സാംസ്‌കാരിക സമ്മേളനംത്തില്‍ പ്രസിഡന്റ് ബാബു രാജ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ യോഗി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട്, പ്രോഗ്രാം ഡയറക്റ്റര്‍ സുരേഷ് ശങ്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ സ്വാഗതവും, ട്രഷറര്‍ രാജന്‍ മാത്തൂര്‍ നന്ദിയും പറഞ്ഞു.

നിഷ ബിനീഷ്, ശ്യാം സുന്ദര്‍, ബിനീഷ് രാഘവന്‍, ഗോപു ഗുരുവായൂര്‍, ശരത് ജോഷി, ബിനു ശങ്കരന്‍, വാസുദേവന്‍ പിള്ളൈ, ശങ്കര്‍ കേശവന്‍, മഹേഷ് വാര്യര്‍, ഷാന്‍ ബാലന്‍, പത്മിനി നായര്‍, സുഷമ ഷാന്‍, ഷാലു അന്‍സാര്‍, പ്രശാന്ത് മാത്തൂര്‍, ഷജീവ് ശ്രീകൃഷ്ണപുരം എന്നിവര്‍ നേതൃത്വം നല്‍കി. ഹരിത അശ്വിന്‍, അക്ഷിക മഹേഷ് എന്നിവര്‍ അവതാരകരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top