
റിയാദ്: ഇരുപതാമത് രാജ്യാന്തര പുസ്തകമേളയ്ക്കു റിയാദില്‍ തുടക്കം. പ്രിന്‍സസ് നൂറ ബിന്ത് അബ്ദുള്‍റഹ്മാന്‍ യൂനിവേഴ്‌സിറ്റിയിലാണ് മേള. ‘റിയാദ് വായിക്കുന്നു’ എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയില്‍ 25 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പ്രസാധകരാണ്പങ്കെടുക്കുന്നത്. ശാസ്ത്രം, ചരിത്രം, നിയമം, കഥ, നോവല്‍, കവിത തുടങ്ങിയ വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം പുതിയ രചനകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളളത്. ഉസ്‌ബെക്കിസ്ഥാന്‍ ആണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. ഉസ്‌ബെക്കിസ്ഥാന്റെ സാംസ്‌കാരിക പൈതൃകവും സാഹിത്യ രചനകളും പരിചയപ്പെടുത്താന്‍ വിപുലമായ പവലിയന്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന മേളയില്‍ സെമിനാര്‍, പ്രഭാഷണം, കവിയരങ്ങ്, ശില്പശാല തുടങ്ങി 200 സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഇതിനു പുറമെ കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യ സൃഷ്ടികള്‍ പരിചയപ്പെടുത്തുന്നതിനും ചില്‍ഡ്രന്‍സ് സോണില്‍ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. അറബിക് കാലിഗ്രഫി മത്സരവും നടക്കും. പ്രസിദ്ധീകരണ രംഗം ശക്തിപ്പെടുത്തുന്നതിനും പ്രസാധകരും വിതരണക്കാരും തമ്മില്‍ പങ്കാളിത്തം സുഗമമാക്കുന്നതിനും ബിസിനസ് സോണും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഒക്‌ടോബര്‍ 11ന് മേള സമാപിക്കും.






