
റിയാദ്: രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ‘ഫെസ്റ്റി വിസ്റ്റാ 2021’ ആഘോഷ പരിപാടികള്‍ നവമ്പര്‍ 19 മുതല്‍ ജനുവരി 7 വരെ റിയാദില്‍ നടക്കും. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. കലാ, കായിക മത്‌സരങ്ങള്‍ക്കു പുറമെ വൈജ്ഞാനിക പരിപാടികളും സാംസ്‌കാരിക സംഗമങ്ങളും അരങ്ങേറും. ബിസിനസ് മീറ്റ്, ലീഡേഴ്‌സ് മീറ്റ്, സൈബര്‍ മീറ്റ്, വെല്‍ഫയര്‍ മീറ്റ്, ഫുട്ബാള്‍ ടൂര്‍ണമെന്റ്, ഷൂട്ട്ഔട്ട്, കമ്പ വലി മത്സരങ്ങള്‍, ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന് താങ്ങായി മാറിയ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ നേതൃപാഠവം നല്‍കുന്നതിന് നവംബര്‍ 19ന് ലീഡേസ് മീറ്റ് സംഘടിപ്പിക്കും. പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. സൗദി അറബ്യ, ബഹ് റൈന്‍ എന്നിവിടങ്ങളിലെ മികച്ച കളിക്കാര്‍ പങ്കെടുക്കുന്ന ഇ അഹമ്മദ് സാഹിബ് മെമോറിയാല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 25, 26, 27 തീയതികളില്‍ റിയാദ് എക്‌സിറ്റ് 18ലെ ഗ്രീന്‍ ക്ലബ്ബില്‍ നടക്കും. സിന്‍മാര്‍, ഐബിസി ക്ലബുകളുടെ സഹകരണത്തോടെയാണ് ടൂര്‍ന്മെന്റ്. വിവിധ രാജ്യക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ 1000 രജിസ്‌ട്രേഷന്‍ പ്രതീക്ഷിക്കുന്നു. ജൂനിയര്‍ വിഭാഗം മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വിജയികള്‍ക്ക് ട്രോഫിയും 20,500 റിയാല്‍ പ്രൈസ് മണിയും സമ്മാനിക്കും.
ഡിസംബര്‍ 2 ന് വെല്‍ഫയര്‍ മീറ്റ് സംഘടിപ്പിക്കും. മയ്യത്ത് പരിപാലനം, നിയമ സഹായം തുടങ്ങിയ സേവനങ്ങള്‍ നടത്തുന്ന റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ കോവിഡ് കാലത്തു മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സന്നദ്ധരായ കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക്പ രിശീലനം നല്‍കും. സൈബര്‍ ഇടങ്ങളില്‍ ശക്തമായ ഇപെടലുകള്‍ നടത്തുന്നതിനും മാറി വരുന്ന സാങ്കേതിക വിദ്യകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഡിസംബര്‍ 3 ന് സൈബര്‍ മീറ്റ് സംഘടിപ്പിക്കും.
ഡിസംബര്‍ 23, 24 തീയതികളില്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ അടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും. സൗദിയിലെ പ്രൊഫഷണല്‍ കളിക്കാര്‍ കളത്തിലിറങ്ങും. വിന്നേഴ്‌സിനു പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും.
സമാപന സമ്മേളനം ജനുവരി 7 ന് അസീസിയ നെസ്‌റ്റോ ഓഡിറ്ററിയത്തില്‍ നടക്കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനത്തില്‍ ഇശല്‍ സന്ധ്യയും അരങ്ങേറും. നാട്ടില്‍ നിന്ന് നേതാക്കളെയും ഗായകരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും. റിയാദിന്റെയും കെ എം സി സിയുടെയും ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്ന സോവനീറിന്റെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സി പി മുസ്തഫ, ജലീല്‍ തിരൂര്‍, യു പി മുസ്തഫ, ഷാഹിദ് മാസ്റ്റര്‍, മുജീബ് ഉപ്പട, അബ്ദുറഹ്മാന്‍ ഫറോക്ക് പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.