റിയാദ്: ഓറഞ്ച് ലൈനില്‍ സര്‍വീസ് ആരംഭിച്ചതോടെ റിയാദ് മെട്രോ ട്രെയിന്‍ ആറു ലൈനുകളിലും ട്രെയിന്‍ ഓടിത്തുടങ്ങി. നേരത്തെ ബ്ലൂ, യെല്ലോ, പര്‍പ്പിള്‍, റെഡ്, ഗ്രീന്‍ എന്നീ അഞ്ചു ലൈനുകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. പുതിയ ലൈന്‍ കൂടി പൊതുജനങ്ങള്‍ക്കായി തുറന്നതോടെ റിയാദ് മെട്രോ പൂര്‍ണ്ണമായും സജ്ജമായി.
ജിദ്ദ റോഡില്‍ നിന്ന് കശം അല്‍ആന്‍ വരെ 41.1 കിലോമീറ്റര്‍ നീളത്തിലാണ് ഓറഞ്ച് ലൈന്‍. രാവിലെ ആറിന് ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി. സെക്കന്‍ഡ് ഈസ്‌റ്റേണ്‍ റിങ് റോഡുമായി ചേരുന്ന മെട്രോ ട്രാക്കില്‍ ആകെ 22 സ്‌റ്റേഷനുകളാണുളളത്. ഇതില്‍ ജിദ്ദ റോഡ്, തുവൈഖ്, അദ്ദൗവു, ഹാറൂണ്‍ അല്‍ റഷീദ്, നസീം എന്നീ അഞ്ച് സ്‌റ്റേഷനുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബാക്കി 17 സ്‌റ്റേഷനുകള്‍ വൈകാതെ പ്രവര്‍ത്തനം ആരംഭിക്കും. ഈ ലൈനിലെ ഏറ്റവും വലിയ സ്‌റ്റേഷന്‍ ബത്ഹ ദീരയിലെ ‘ഖസറുല്‍ ഹുകൂം’ സ്‌റ്റേഷനാണ്.
ബ്ലൂ ട്രാക്കിലെ അല്‍ മുറൂജ്, ബാങ്ക് അല്‍ ബിലാദ്, കിങ് ഫഹദ് ലൈബ്രറി എന്നീ മൂന്നു സ്‌റ്റേഷനുകള്‍ കൂടി കഴിഞ്ഞ ദിവസം തുറന്നു. 38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്ലൂ ട്രാക്കില്‍ ആകെ 25 സ്‌റ്റേഷനുകളാണുള്ളത്. 21 സ്‌റ്റേഷനുകള്‍ തുറന്നു. ബാക്കിയുള്ള നാല് സ്‌റ്റേഷനുകള്‍ രണ്ടെണ്ണം അല്‍ ബത്ഹ, മ്യൂസിയം സ്‌റ്റേഷനുകളാണ്. ഇതു തുറക്കുന്നതോടെ ബത്ഹയില്‍നിന്ന് കൂടുതലാളുകള്‍ക്ക് ട്രയിന്‍ സൗകര്യം പ്രയോജനപ്പെടും.
റെഡ് ട്രാക്ക് കടന്നുപോകുന്ന കിങ് സൗദ് യൂനിവേഴ്‌സിറ്റിയോട് ചേര്‍ന്നുള്ള മെട്രോ സ്‌റ്റേഷനിലേക്ക് വിശാലമായ കാമ്പസിനുള്ളില്‍നിന്ന് ഷട്ടില്‍ ബസ് സര്‍വിസും ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ ബസ് സര്‍വിസുണ്ടാവും.
ബ്ലൂ, യെല്ലോ, പര്‍പ്പിള്‍ എന്നീ മൂന്ന് ട്രാക്കുകളിലാണ് ആദ്യം സര്‍വിസ് ആരംഭിച്ചത്. ഡിസംബര്‍ 15ന് റെഡ്, ഗ്രീന്‍ ട്രാക്കുകളിലും സര്‍വിസ് തുടങ്ങി. ഓറഞ്ച് ട്രാക്കിലും സര്‍വിസ് ആരംഭിച്ചതോടെ റിയാദ് മെട്രോ പദ്ധതി പൂര്‍ണമായി. ബ്ലൂ ലൈനില്‍ അവശേഷിക്കുന്ന നാലും ഓറഞ്ച് ലൈനിലെ 17ഉം സ്‌റ്റേഷനുക എത്രയും വേഗം തുറക്കാന്‍ ദ്രുതഗതിയില്‍ അന്തിമ മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്.
ഒരു മാസത്തിനകം യാത്രക്കാരുടെ എണ്ണം 35 ലക്ഷം കവിഞ്ഞതു മെട്രോ ട്രെയിന്‍ സര്‍വ്വീസിന് ലഭിച്ച സ്വീകാര്യതയാണ്. അുഴുവന്‍ സ്‌റ്റേഷനുകളും തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.