Sauditimesonline

bus accident
മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

മധുരിക്കുന്ന സുഗന്ധം

രാജസ്ഥാനിലെ സൂരത്ഗഡ്. എയര്‍ഫോഴ്‌സിലെ ആദ്യ പോസ്റ്റിംഗ് അവിടെയായിരുന്നു. മലയാളി അസോസിയേഷനും ലൈബ്രറിയും അയ്യപ്പന്റെ അമ്പലവുമെല്ലാമുളള സ്ഥലം. ബാച്ചിലേഴ്‌സിന്റെ വൈകുന്നേരങ്ങള്‍ ധന്യമാക്കിയിരുന്ന വിഹാരകേന്ദ്രങ്ങള്‍. അമ്പലത്തിന് അടുത്തു തന്നെയായിരുന്നു ഗുരുദ്വാരയും മറ്റു പ്രതിഷ്ഠകളും. ചെറിയ ഓഡിറ്റോറിയം കൂടി ഉള്‍പ്പെട്ട കോംപ്ലക്‌സ്. വൈകുന്നേരങ്ങളില്‍ എല്ലാവരും ഒത്തുചേരുന്നതും തമ്മില്‍കാണുന്നതും അവിടെയായിരുന്നു. മേമ്പൊടിയായി അമ്പലത്തിലെ പ്രസാദവും.

നാട്ടിന്‍പുറത്തൊക്കെ കാണുമ്പോലെ, ഈ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലും പലരുടെയും പ്രണയം തളിരിട്ടത് അമ്പലനടയിലായിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രേമവും കോലാഹലങ്ങളും തൂങ്ങിച്ചാകലുമൊന്നും ഇല്ലാതിരുന്ന കാലം. എന്റെ ആദ്യ പ്രണയം. അല്ല, എയര്‍ഫോഴ്‌സിലെ ആദ്യ പ്രണയം!

പ്രിയംവദ! നല്ലവാക്കു പറയുന്നവള്‍, ഇഷ്ടം പറയുന്നവള്‍ എന്നൊക്കെയാണ് അര്‍ത്ഥം. അതായിരുന്നു അവളുടെ പേര്. പേരുപോലെതന്നെ കണ്ടാല്‍ ആര്‍ക്കും ഒരു ‘പ്രിയം’ തോന്നുന്ന മുഖശ്രീ. ഒരു ശനിയാഴ്ച പൂജ കഴിഞ്ഞു പ്രസാദവും കഴിച്ചു വിരല്‍ നക്കിക്കൊണ്ടിരിക്കുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്. ഒപ്പം രണ്ട് കൂട്ടുകാരികളും. ദീപാവലി ആഘോഷത്തിനായി ‘ദിയ’ തെളിക്കുകയായിരുന്നു. ആദ്യ നോട്ടത്തില്‍ത്തന്നെ എന്തോ ഒരിഷ്ടം. മനസ്സില്‍ ലഡ്ഡു പൊട്ടി. പ്രണയത്തിന്റെ പൂത്തിരി കത്തി. അയ്യപ്പന്റെ അമ്പലത്തില്‍ മാത്രം പോയിരുന്ന ഞാന്‍ വടക്കേ ഇന്ത്യക്കാരുടെ അമ്പലത്തിലെ പൂജക്കും സ്ഥിരമായി പോകാന്‍ തുടങ്ങി. ഇതിനൊക്കെ കൂട്ടായി ആലപ്പുഴക്കാരന്‍ അന്‍സാറും തലശ്ശേരിക്കാരന്‍ നിഷാന്തും.

ഒന്ന് രണ്ടാഴ്ചത്തെ പൂജകള്‍ക്കുശേഷമാണ്, ഞാന്‍ ശ്രദ്ധിക്കുന്നത് അവള്‍ക്കു മനസ്സിലായത്. പിന്നെയുള്ള പൂജാദിവസങ്ങളില്‍ ഞങ്ങള്‍ ചെറിയ പുഞ്ചിരിയും മന്ദഹാസങ്ങളും കൈമാറി. ആദ്യമായി കണ്ടതിന്റെ പിറ്റേദിവസം അവളുടെ പേരും ആരുടെ മകളാണെന്നും മനസ്സിലാക്കി. മിസൈലുകള്‍ കൈകാര്യം ചെയ്യുന്ന യൂണിറ്റിലെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ സന്തോഷ് രാജ്പുത്തിന്റെ മകളാണ്. ജയ്പ്പൂര്‍ ആണ് സ്വദേശം. ഇതൊക്കെ അറിഞ്ഞെങ്കിലും പേരെന്താണെന്നു നേരിട്ട് ചോദിക്കുന്നതിലാണല്ലോ ത്രില്ല്! അത് ചോദിയ്ക്കാന്‍ ധൈര്യം വന്നത് ഏകദേശം ഒരുമാസത്തിനു ശേഷമാണ്. സൂരത്ഗഡിലെ കേവിയില്‍ പത്താം ക്‌ളാസ്സിലാണ് പ്രിയംവദ. അമ്പലത്തിലെ പ്രസാദം കൈമാറലും ചെറിയ നോട്ടങ്ങളും ആംഗ്യ ഭാഷയിലും അല്ലാതെയുമുള്ള സംഭാഷണങ്ങളുമൊക്കെയായി ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. പുതുവത്സരമായി.

ഇതിനിടെ അവളുടെ അച്ഛന് ട്രാന്‍സ്ഫര്‍. ബംഗലൂരുഎയര്‍ഫോഴ്‌സ് സ്‌റ്റേഷനിലേക്ക്.

അവര്‍ പോകുന്ന ദിവസം. ദല്‍ഹിലെത്തി ട്രെയിന്‍ മാര്‍ഗം പോകണം. ദല്‍ഹിയിലേക്കു പോകുന്നത് ബസ്സിലാണ്. തലേദിവസം അമ്പലനടയില്‍ യാത്രപറഞ്ഞെങ്കിലും അവരെ യാത്രയാക്കാന്‍ ഞാനും ബസ് സ്റ്റാന്‍ഡില്‍ പോയി. അവിടെത്തിക്കഴിഞ്ഞപ്പോഴാണ് പ്രേമഭാജനത്തിനു എന്തെങ്കിലും സമ്മാനം കൊടുക്കണമെന്ന് ഓര്‍മ്മവന്നത്. ഒന്നുരണ്ടു കടകളില്‍ കയറി തിരഞ്ഞതിനുശേഷം ഒരു ഗിഫ്‌റ് വാങ്ങി പൊതിഞ്ഞാക്കെയെടുത്തു. എനിക്ക് അന്നും ഇന്നും ഇഷ്ടമുള്ള ‘ചന്ദന സുഗന്ധമുള്ള പെര്‍ഫ്യൂം’. പാടുപെട്ടിട്ടാണെങ്കിലും അവളുടെ അച്ഛനും അമ്മയും കാണാതെ പ്രിയംവദക്കു സമ്മാനിച്ചു. അവളും ഒരു സമ്മാനം കരുതിയിരുന്നു. എന്നോട് ഇഷ്ടമുണ്ടെങ്കില്‍ എന്തെങ്കിലും സമ്മാനം കൊണ്ടുവരുമെന്ന് ഞാനും പ്രതീക്ഷിച്ചു. അവള്‍ അങ്ങനെ പ്രതീക്ഷിച്ചിരുന്നോ? അറിയില്ല.

യാത്രയയപ്പുകഴിഞ്ഞു. റൂമിലെത്തി അവള്‍ തന്ന സമ്മാനപ്പൊതി തുന്നു. ചിരപരിചിതമായ സുഗന്ധം അനുഭവപ്പെട്ടു. അതേ, അവള്‍ നല്‍കിയ സമ്മാനവും ഞാന്‍ കൊടുത്ത സമ്മാനവും ഒന്ന് തന്നെ.ഹ ‘ചന്ദന സുഗന്ധമുള്ള പെര്‍ഫ്യൂം, അതും ഒരേ ബ്രാന്റ്്. രണ്ടുപേരുടെയും ഇഷ്ടങ്ങള്‍ ഒന്നുതന്നെയായിരുന്നോ? അറിയില്ല. എങ്കിലും ആ നിമിഷം പ്രണയത്തിന്റെ മാധുര്യം പതിന്മടങ്ങു വര്‍ധിച്ചതുപോലെ തോന്നി.

പിന്നീടും ഞങ്ങള്‍ കത്തുകളിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചു. എഴുത്തുകളിലൂടെ ഞങ്ങള്‍ കണ്ടിരുന്നു. പക്ഷെ ആ കാഴ്ചകള്‍ പതുക്കെ പതുക്കെ കുറയാന്‍ തുടങ്ങി. ഇടക്കെപ്പഴോ അതും നിലച്ചു. പക്ഷെ ആ പ്രണയം, അതിപ്പോഴും മധുരിക്കുന്ന സുഗന്ധം പകരുന്നുണ്ട്.
* ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥനാണ് ലേഖകന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top