
റിയാദ്: സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് ഒന്‍പത് ബില്യന്‍ റിയാലിന്റെ സഹായം ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ കൊഴിഞ്ഞു പോകാതിരിക്കാനാണ് സാമ്പത്തിക സഹായം. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സി(ഗോസി)ല്‍ രജിസ്റ്റര്‍ ചെയ്ത പ്രതിമാസ വേതനത്തിന്റെ 60 ശതമാനം സ്വദേശി ജീവനക്കാര്‍ക്ക് മൂന്നു മാസം വിതരണം ചെയ്യും. കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ രാജാവിന്റെ പ്രഖ്യാപനത്തിയന് കഴിയുമെന്ന് ധനമന്ത്രിയും ഗോസി ചെയര്‍മാനുമായ മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. രാജ്യത്തുളള 1.2 ദശലക്ഷം സ്വദേശി ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏപ്രില്‍ മാസത്തെ ആനുകൂല്യം മെയ് ആദ്യം വിതരണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. പരമാവധി അഞ്ച് സ്വദേശി ജീവനക്കാരുളള സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 60 ശതമാനം ശമ്പളത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ സ്വദേശി ജീവനക്കാരുളള സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സ്വദേശിവത്ക്കരണം ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ച സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ഗുണഭോക്താക്കളല്ലാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശമ്പളം നല്‍കാനുളള ഉത്തരവാദിത്തം സ്ഥാപനങ്ങള്‍ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട, ഇടത്തരം സംരംഭകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാര്‍ച്ച് 20ന് 70 ബില്യണ്‍ റിയാലിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതു സ്വകാര്യ മേഖലയില്‍ പണ ലഭ്യത ഉറപ്പുവരുത്തും. സര്‍ക്കാര്‍ ഫീസുകളും ഒഴിവാക്കിയും കുടിശ്ശിക അടക്കാനുളള സമയപരിധി നീട്ടി നല്‍കിയും സഹായിക്കുന്നുണ്ട്. ഇതിനു പുറമെ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി പ്രഖ്യാപിച്ച പദ്ധതികള്‍ കൊവിഡ് പ്രത്യാഘതങ്ങളെ നേരിടാന്‍ സഹായിക്കുമെന്നും മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
