
റിയാദ്: സൗദി അരാംകോയുടെ റീട്ടെയില്‍ വിതരണ കേന്ദ്രം ‘റീട്ടെയില്‍കൊ’ പെട്രോള്‍ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ധന വിതരണ മേഖലയില്‍ ഉന്നത ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കു കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
റീട്ടെയില്‍കൊ എന്ന പേരില്‍ ഇന്ധന വിതരണ കേന്ദ്രം തുടങ്ങുന്നതിന് സൗദി അരാംകോ പ്രത്യേക കമ്പനി രൂപീകരിച്ചിരുന്നു. തലസ്ഥാനമായ റിയാദിലും ദമ്മാമിലെ സൈഹാത്തിലും ഓരോ പെട്രോള്‍ സ്‌റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്. മികച്ച സേവനവും ഗുണമേന്മയുമുളള ഇന്ധനം ഉപഭോക്താക്കളിലെത്തിക്കുന്നതിനാണ് പെട്രോള്‍ സ്‌റ്റേഷനുകള്‍ ആരംഭിച്ചതെന്ന് അരാംകോ വ്യക്തമാക്കി.

ഊര്‍ജ്ജ വിതരണ രംഗത്ത് ആഗോള തലത്തില്‍ പ്രശസ്തരായ ടോട്ടല്‍ എനര്‍ജിയുമായാണ് റീട്ടെയില്‍കൊയുടെ പങ്കാളി. രണ്ടു വര്‍ഷം മുമ്പാണ് റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നതിന് അരാംകോ പുതിയ കമ്പനിക്ക് രൂപം നല്‍കിയത്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും റീട്ടെയില്‍കോ ഔട്‌ലെറ്റിന്റെ സാന്നിധ്യം ഉണ്ടാകും. ഇതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും റീട്ടെയില്‍കോ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.