ദല്‍ഹി: മുംബൈ സൗദി കോണ്‍സുലേറ്റില്‍ ഗാര്‍ഹിക വിസ സ്റ്റാമ്പിങ് ഒന്നര മാസത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ചു. അപ്രതീക്ഷിതമായി വിസ സ്റ്റാമ്പിങ് നിര്‍ത്തുകയും പകരം ഡല്‍ഹിയിലെ സൗദി എംബസി വഴി വിസ സ്റ്റാമ്പിങ് നടത്തുന്നതിനിടെയാണ് മുബൈയില്‍ സ്റ്റാമ്പിങ് പുനരാരംഭിച്ചത്.
ഇന്ത്യക്കു പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ മറ്റ് ചില രാജ്യങ്ങളിലേയും സൗദി കോണ്‍സുലേറ്റുകളില്‍ ഗാര്‍ഹിക വിസ സ്റ്റാമ്പിങ് നിര്‍ത്തിയിരുന്നു. പകരം എല്ലായിടത്തും എംബസികള്‍ വഴി മാത്രമാണ് നടന്നിരുന്നത്. ഇതു എംബസികളില്‍ തിരക്കു വര്‍ധിക്കാന്‍ കാരണമാക്കി. മാത്രമല്ല ഏജന്‍സികള്‍ സ്റ്റാമ്പിങിന് അമിത ചാര്‍ജ് ഈടാക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ കോണ്‍സുലേറ്റുകള്‍ സ്റ്റാമ്പിങ് നടപടി പുനരാരംഭിച്ചതോടെ കേരളം ഉള്‍പ്പടെ ട്രാവല്‍ ഏജന്‍സികള്‍ സര്‍വീസ് ചാര്‍ജ് നിരക്ക് കുറച്ചു. സൗദിയും വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളുമായി കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് അപ്‌ഡേറ്റ് ഉള്‍പ്പെടെ സാങ്കേതിക കാരണങ്ങളാണ് സ്റ്റാമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിയതിന് കാരണമെന്നാണ് സൗദി എംബസി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.