റിയാദ്: കൊടും ശൈത്യത്തിലേക്ക് നീങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തെ പല പ്രവിശ്യകളിലും അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞു. തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച തുടരുകയാണ്. അല്‍ ജൗഫ് മേഖലയിലെ അല്‍ ഖുറയാത്തില്‍ താപനില മൈനസ് ഒരു ഡിഗ്രിയിലേയ്ക്ക് താഴ്ന്നു. തുറൈഫ്, റഫ്അ, അറാര്‍, അല്‍ ഖൈസൂമ എന്നിവിടങ്ങളില്‍ പൂജ്യത്തിനും മൂന്നിനും ഇടയിലാം് അന്തരീക്ഷ താപം. സകാക്ക, ഹാഇല്‍, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
തബൂക്കിലെ ജബല്‍ അല്ലൗസ്, അല്‍ ഉഖ്‌ലാന്‍, അല്‍ ദഹര്‍ തുടങ്ങിയ മലയോര പ്രദേശങ്ങളിലും തുറൈഫ്, അല്‍ ഖുറയാത്ത് പ്രദേശങ്ങളിലുമാണ് മഞ്ഞുവീഴ്ച. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ ദിവസം കഴിയും തോറും താപനില ക്രമാതീതമായി കുറയുകയാണ്. ശക്തമായ ഉപരിതല കാറ്റും ചിലയിടങ്ങളില്‍ പൊടിക്കാറ്റും അനുഭവപ്പെട്ടു.
നജ്‌റാന്‍, റിയാദ് എന്നിവിടങ്ങളിലും കിഴക്കന്‍ മേഖലകളുടെ ചില ഭാഗങ്ങളിലും ദൂരക്കാഴ്ചയെ പരിമിതപ്പെടുത്തുന്ന പൊടിക്കാറ്റ് കഴിഞ്ഞ ദിവസം ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. ജീസാന്‍, അസീര്‍, അല്‍ ബാഹ എന്നിവിടങ്ങളിലെ കുന്നിന്‍പ്രദേശങ്ങളില്‍ നേരിയ മഴക്കും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. റിയാദിലും മഴ മുന്നറിയിപ്പുണ്ട്.
അല്‍ ജൗഫ്, തബൂക്ക് എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച തുടരും. ഇവിടങ്ങളില്‍ ശീത കാറ്റിനും സാധ്യതയുണ്ട്, അറാര്‍, തുറൈഫ്, റഫ്ഹ, അല്‍ ഒവൈഖില എന്നിവിടങ്ങളില്‍ താപനില ഇനിയും കുറയും. തബൂക്കിന്റെ ചില ഭാഗങ്ങള്‍ക്ക് പുറമെ മക്ക, മദീന, ഹാഇല്‍, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ് എന്നിവിടങ്ങളില്‍ പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. രാജ്യത്തിെന്റ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാമാറ്റം തുടരും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.