റിയാദ്: പശ്ചിമേഷ്യയിലെ പ്രഥമ ഓങ്കോളജി ഇ-പ്ലാറ്റ്‌ഫോം സൗദിയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സഹ വെര്‍ച്വല്‍ ആശുപത്രി ആസ്ഥാനം കേന്ദ്രമാക്കിയാണ് ഇ-പ്ലാറ്റ്‌ഫോം ആരംഭിച്ചത്. സൗദി ടെലികോം കമ്പനിയുമായി സഹകരിച്ചാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് മികച്ച സേവനം ലഭ്യമാക്കാന്‍ കഴിയുന്ന ഓങ്കോളജി ഇ-പ്ലാറ്റ്‌ഫോം ആരംഭിച്ചത്. വിഷന്‍ 2030 ന്റെ ഭാഗമായി രോഗികള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ ഇ-പ്ലാറ്റ്‌ഫോമിന് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്യൂമര്‍ ഉള്‍പ്പെടെ രോഗനിര്‍ണയം നടത്തിയവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വിദഗ്ദ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാനുളള സൗദി ഡോക്ടര്‍മാരുടെ സമിതി ഇ-പ്ലാറ്റ്‌ഫോമിന് മേല്‍നോട്ടം വഹിക്കും. ട്യൂമറുകള്‍ നേരത്തേ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കുന്നതിന് പദ്ധതി സഹായിക്കും.
ദേശീയ, അന്തര്‍ദേശീയ രംഗത്തെ ഓങ്കോളജി വിദഗ്ധരുമായി വിവര കൈമാറ്റവും ചികിത്സക്ക് ആവശ്യമായ ഉപദേശം നേടുന്നതിനും ഇ പ്ലാറ്റ്‌ഫോം സഹായിക്കും. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലുളള അര്‍ബുദ രോഗികളെ സംബന്ധിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ പഠനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.