
റിയാദ്: സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അഞ്ച് വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. വിവിധ പദ്ധതികളില്‍ വര്‍ഷം 4,000 കോടി ഡോളര്‍ നിക്ഷേപിക്കും. 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പദ്ധതി വിശദീകരിച്ച കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

രാജ്യത്തെ സമ്പദ് ഘടനയില്‍ വന്‍ കുതിപ്പിന് കളമൊരുക്കുന്ന പ്രഖ്യാപനമാണ് പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. എണ്ണയിതര പദ്ധതികളില്‍ 320 ബില്യണ്‍ ഡോളര്‍ നിക്ഷിപിക്കും. ഇതോടെ 2025 ല്‍ ആകെ മൂലധനം 1.07 ട്രില്യണ്‍ ഡോളറായി ഉയരും. ക്രൂഡ് ഓയില്‍ വരുമാനം മാത്രം ആശ്രയിക്കുന്നതില്‍ നിന്നു സമ്പദ് ഘടനയെ മാറ്റുകയാണ് ലക്ഷ്യം. വിഷന്‍ 2030 ലക്ഷ്യം കാണുന്നതിനുളള പദ്ധതിയുടെ ഭാഗമായാണ് പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുളളത്.
രാജ്യ പുരോഗതിക്കും സമഗ്ര വികസനത്തിനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും പുതിയ പദ്ധതി സഹായിക്കും. മാനവികതയുടെ പുതിയ നാഗരികതയിലേക്ക് രാജ്യത്തെ നയിക്കാന്‍ പദ്ധതിക്കു കഴിയുമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
