Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

സൗദി കെഎംസിസി സെന്റര്‍ ഉദ്ഘാടനം 20ന്

കോഴിക്കോട്: അഭിമാനം വാനോളം ഉയര്‍ന്ന് സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ‘സൗദി കെഎംസിസി സെന്റര്‍’ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി 20ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2024ല്‍ കെഎംസിസി സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ മൂന്നര കോടി രൂപ വിതരണവും ചെയ്യും.

മുസ്ലിംലീഗ് സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ അനുസ്മരണ പരിപാടി, സൗദി കെഎംസിസി മുന്‍ ട്രഷറര്‍ ഹാഷിം എന്‍ജിനീയര്‍ സ്മാരക അവാര്‍ഡ് ദാനം. ഹദിയത്തുറഹ്്മ (പെന്‍ഷന്‍ പദ്ധതി) പ്ലാന്‍ ബി പഖ്യാപനം എന്നിവയും നടക്കും. കെ.എം.സി.സി കമ്മിറ്റിക്ക് ആദ്യമായാണ് കേരളത്തില്‍ ആസ്ഥാന മന്ദിരം ഉയരുന്നത്. നിലവില്‍ കെഎംസിസി കേരള ട്രസ്റ്റിന്റെ പേരിലുള്ള വിശാലമായ സ്ഥലത്ത് താല്‍കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കെ.എം.സി.സി സെന്റര്‍ ബഹുനില സമുച്ചയമായി പിന്നീട് വിപുലീകരിക്കും. പ്രവാസികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും നിരവധി പദ്ധതികളുമായി രംഗത്തുള്ള കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കേന്ദ്രം കൂടിയാകും സൗദി കെഎംസിസിയുടെ ആസ്ഥാനം.

ആയിരകണക്കിന് പ്രവാസികള്‍ക്ക് തണലായി മാറിയ കെഎംസിസിയുടെ സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത് ട്രസ്റ്റ് വഴിയാണ്. 2014ല്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ആരംഭിച്ച സുരക്ഷാ പദ്ധതിയില്‍ ഓരോ വര്‍ഷവും അംഗങ്ങളായിരിക്കെ ഇതുവരെ മരിച്ചത് 585 പേരാണ്. അവരുടെ നിരാലംബരായ കുടുംബങ്ങള്‍ക്ക് യഥാസമയം ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. ജാതി മതഭേദമന്യേ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സൗദിയില്‍ തൊഴില്‍ വിസയിലുള്ള ഏതൊരു പ്രവാസിക്കും പദ്ധതിയില്‍ അംഗങ്ങളായി ചേരാം. ട്രസ്റ്റിന്റെ നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ ആശ്രിതര്‍ക്ക് ആനുകൂല്യം നല്‍കും. മാരക രോഗങ്ങള്‍ ഉള്‍പ്പടെ ചികിത്സാ സഹായവും നല്‍കിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം അഞ്ഞൂറിലധികം പേര്‍ക്ക് ഒന്നരകോടിയിലധികം രൂപ ചികിത്സ സഹായം വിതരണം ചെയ്തു.

മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുരക്ഷാ പദ്ധതി വിതരണ ഉദ്ഘാടനവും നിര്‍വഹിക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലികുട്ടി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. എ.ഐ.സി.സി അംഗവും മുന്‍പ്രതിപക്ഷ നേതാവുമായ വിശിഷ്ടാതിഥി രമേശ് ചെന്നിത്തല ബാഫഖി തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിക്കും.

വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി സൗദി കെ.എം.സി.സിയുടെ നാലര പതിറ്റാണ്ടിന്റെ നാള്‍വഴികള്‍ വിശദീകരിക്കും. സുരക്ഷാ പദ്ധതി വിശദീകരണം ഉപസമിതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടിയും ഹാഷിം എന്‍ജിനീയര്‍ അവാര്‍ഡ് പരിചയപ്പെടുത്തല്‍ ചെയര്‍മാന്‍ ഖാദര്‍ ചെങ്കളയും നിര്‍വഹിക്കും. സുരക്ഷാ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ ആനുകൂല്യ വിതരണത്തിന്റെ ഏകോപനം നടത്തും. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും ട്രഷറര്‍ അഹമ്മദ് പാളയാട്ട് നന്ദിയും പറയും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചക്ക് 2ന് നടക്കുന്ന മുന്‍ നേതാക്കളുടെ സംഗമം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുന്‍കാല നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ പങ്കെടുക്കുന്ന ചടങ്ങില്‍ എംഎല്‍എമാര്‍, മുസ്ലിംലീഗ്, യൂത്ത്‌ലീഗ്, കെഎംസിസി, പ്രവാസി ലീഗ് നേതാക്കള്‍ സംബന്ധിക്കും. ആദരവ് ചടങ്ങില്‍ കെഎംസിസി മുന്‍കാല നേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ കരീം താമരശ്ശേരി, നിസാം മമ്പാട്, സുലൈമാന്‍ മാളിയേക്കല്‍, സൈദ് മൂന്നിയൂര്‍, ഉസ്മാനലി പാലത്തിങ്ങല്‍,

ഹാരിസ് കല്ലായി, നാസര്‍ വെളിയങ്കോട്, സൈതലി അരീക്കര, നാസര്‍ എടവനക്കാട് എന്നിവര്‍ നേതൃത്വം നല്‍കും. സെക്രട്ടറി ബഷീര്‍ മൂന്നിയൂര്‍ സ്വാഗതവും സെക്രട്ടറി ഫൈസല്‍ ബാബു നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റര്‍, സൗദി കെഎംസിസി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, കുഞ്ഞിമോന്‍ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ബഷീര്‍ മൂന്നിയൂര്‍, റഫീഖ് പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top