റിയാദ്: സൗദി മീഡിയാ കോണ്‍ഫറന്‍സ് രണ്ടാം എഡിഷന്‍ ഈ മാസം റിയാദില്‍ നടക്കുമെന്ന് സംഘാടകര്‍. അന്താരാഷ്ട്ര രംഗത്ത് പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ ദ്വിദിന സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുമെന്നും സൗദി മീഡിയാ ഫോറം അറിയിച്ചു.
ഫെബ്രുവരി 20, 21 തീയതികളില്‍ റിയാദ് ഹില്‍ട്ടന്‍ ഹോട്ടലിലാണ് സമ്മേളനത്തിന് വേദി ഒരുക്കിയിട്ടുളളത്. സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആരാണ് പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നത്, ടെലിവിഷന്‍ രംഗത്തെ പുതു സാധ്യതകള്‍, റോബോട് ജേര്‍ണലിസം, നവ മാധ്യമങ്ങളും സാംസ്‌കാരിക വ്യതിയാനവും, ന്യൂസ് ഏജന്‍സികളുടെ ചരിത്രവും ഭാവിയും, സ്ത്രീ ശാക്തീകരണവും മാധ്യമങ്ങളിലെ സ്ത്രീ സാന്നിധ്യവും, മാധ്യമ രംഗത്തെ ഡിജിറ്റല്‍ സാധ്യതകള്‍, അറബ് മാധ്യമങ്ങളുടെ ഭാവി, സൈബര്‍ ഭീഷണിയുടെ കരണങ്ങളും പരിഹാരമാര്‍ഗങ്ങള്‍ളും എന്നിങ്ങനെ രണ്ട് ദിവസങ്ങളില്‍ 19 സെഷനുകളിലാണ് ചര്‍ച്ചയും ശില്പശാലയും നടക്കുക.
അറബ് ലോകത്തെയും, അന്താരാഷ്ട്ര രാജ്യങ്ങളിലെയും മാധ്യമ രംഗത്തെ 1,500 പ്രതിഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മികച്ച മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. 2019തിലാണ് സൗദി മീഡിയാ ഫോറം ആദ്യ പതിപ്പിന് വേദി ഒരുക്കിയത്. കൊവിഡിനെ തുടര്‍ന്ന് രണ്ടാം പതിപ്പ് ഈ വര്‍ഷമാണ് സംഘടിപ്പിക്കുന്നതെന്ന് സൗദി മീഡിയാ ഫോറം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.