Sauditimesonline

1 edapa
'എടപ്പ' അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

സൗദി-ഒമാന്‍ സംയുക്ത വ്യവസായ പ്രദര്‍ശനം റിയാദില്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി-ഒമാന്‍ സംയുകത വ്യാപാര പ്രദര്‍ശന നഗരിയില്‍ സന്ദര്‍ക പ്രവാഹം. റിയാദ് എക്‌സിറ്റ് 9 ലെ ഗ്രനഡ സ്‌ക്വയറിലെ ദി അറീന അവന്യൂവിലാണ് പ്രദര്‍ശനം. ഇരു രാജ്യങ്ങളിലെയും സംരംഭക സാധ്യതകള്‍ പങ്ക് വെക്കുന്നതിനും ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമാണ് മേള. ‘പങ്കാളിത്തവും സംയോജനവും’ എന്ന പ്രമേയത്തില്‍ സൗദി, ഒമാന്‍ വാണിജ്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന ചതുര്‍ദിന മേള ഫെബ്രുവരി 4ന് സമാപിക്കും.

സാംസ്‌കാരിക വിനിമയം, സൗഹൃദം, ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന എന്നിവയെല്ലാം മേളയില്‍ സജീവമാണ്. ഒമാന്‍ ഹല്‍വ, സൗദി ഗഹ്‌വ, സുഗന്ധ ദ്രവ്യങ്ങള്‍,വസ്ത്രങ്ങള്‍, വിവിധയിനം തേനുകള്‍, ആതിഥേയ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍, ഈവന്റ് കമ്പനികള്‍ തുടങ്ങി ഇരു രാജ്യങ്ങളുടെയും വ്യാപാര സാധ്യതകള്‍ തുറന്ന് വെച്ചിട്ടുണ്ട്.

നിക്ഷേപ, വ്യവസായ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും സൗദിയും ഒമാനും തമ്മിലുള്ള ദീര്‍ഘകാല സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ സെമിനാറുകളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. സൗദി ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറം നിക്ഷേപ വ്യവസായ മേഖലകളില്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും.

മേളയുടെ ഭാഗമായി സൗദിയിലെത്തിയ ഒമാന്‍ ഉഭയകക്ഷി പ്രതിനിധി സംഘം ബയോകെമിക്കല്‍സ്, ഊര്‍ജം, ഖനനം, സാമ്പത്തിക നിക്ഷേപം, ലോജിസ്റ്റിക്‌സ്, സമുദ്ര ഗതാഗതം, വിവര സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളില്‍ 13 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. കരാറുകള്‍ സൗദി അറേബ്യയും ഒമാനും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന് അടിവരയിടുന്നതാണ്.

ഇരു രാജ്യങ്ങളിലെയും പ്രമുഖ പ്രഭാഷകരും, പൊതുസ്വകാര്യ മേഖലകളിലെ പ്രതിനിധികളും, പ്രമുഖ കമ്പനികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മേധാവികളും പങ്കെടുക്കുന്നുണ്ട്. സ്വകാര്യ മേഖലയുടെ പ്രതിനിധികള്‍ക്ക് സഹകരണവും പങ്കാളിത്തവും ചര്‍ച്ച ചെയ്യാനും നിക്ഷേപ സാധ്യതകള്‍ അവലോകനം ചെയ്യാന്‍ കഴിയുന്ന യോഗങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോറത്തിന്റെ ഭാഗമായി, ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയുടെ പ്രതിനിധികള്‍ തമ്മില്‍ ബിസിനസ് ടു ബിസിനസ് മീറ്റിംഗിനും അവസരം ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top