Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

ഓരോ മൂന്ന് മിനുറ്റിലും ഒരു ലക്ഷം രൂപ; റഹിം സഹായ നിധി ലക്ഷ്യം കാണും

റിയാദ്: റഹീം സഹായ സമിതി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് സഹായ നിധിയിലേക്ക് കൂടുതല്‍ സംഭാവന എത്തി തുടങ്ങി. ഇന്ന് രാത്രി 9.30നും 10.30നും ഇടയില്‍ 10 ലക്ഷത്തിലധികം രൂപയാണ് സേവ് റഹിം ആപ്പ് വഴി ലഭിച്ചത്. ഓരോ മൂന്നു മിനുറ്റിലും ശരാശരി ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് സംഭാവനയായി വരുന്നത് ആപ്പില്‍ ദൃശ്യമാണ്. രാത്രി 9.28ന് അക്കൗണ്ടില്‍ ആറ് കോടി നാല് ലക്ഷം രൂപയാണ് കാണിച്ചത്. മൂന്ന് മിനുറ്റ് കഴിഞ്ഞ് 9.31ന് ഇത് ആറ് കോടി അഞ്ച് ലക്ഷം രൂപയായി ഉയര്‍ന്നു. രാത്രി 11ന് ആകെ സംഖ്യ 6 കോടി 30 ലക്ഷമായി ഉയര്‍ന്നു.  ഓരോ സെക്കന്റിലും സംഭാവന കൂടിവരുന്നത് സേവ് റഹീം ആപ്പില്‍ കാണാം. ആപ്പില്‍ പണം വരുന്ന വീഡിയോ കാണാം:  https://youtu.be/XSsnkUDXjkM

അതിനിടെ, ഈദ് ദിനത്തില്‍ ബിരിയാനി ചലഞ്ചിനുളള ഒരുക്കങ്ങള്‍ റിയാദ് റഹിം സഹായ നിധി പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി. 20,000 പാഴ്‌സല്‍ റിയാദിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുകയാണ് ലക്ഷ്യം. കേളി, കെഎംസിസി, ഒഐസിസി, നവോദയ തുടങ്ങിയ മുഖ്യധാരാ സംഘടനകളും ചെറുതും വലുതുമായ പ്രാദേശിക കൂട്ടായ്മകളും റഹീം സഹായ നിധിയിലേക്ക് സംഭാവന സമാഹരിക്കാന്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്.

കോഴിക്കോടന്‍സ് 25 ലക്ഷം രൂപ സമാഹരിക്കാനുളള ഒരുക്കത്തിലാണ്. റിയാദ് കെഎംസിസി മണ്ഡലം കമ്മറ്റികള്‍ വഴി പരമാവധി തുക സമാഹരിക്കും. മലപ്പുറം ഒഐസിസി ‘അന്‍പോട് മലപ്പുറം’ എന്ന പേരില്‍ ധന സമാഹരണം ആരംഭിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളിലും റഹിം സഹായ സമിതി രൂപീകരിച്ച ധന സമാഹരണം ആരംഭിച്ചത് റിയാദില്‍ ഇതിന് നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുറഹീമിന്റെ കയ്യബദ്ധം സൗദി ബാലന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായ സംഭവമാണ് കൊലപാതക കുറ്റത്തിലേക്കും വധശിക്ഷയിലേക്കും നയിച്ചത്. വിചാരണ കോടതി വധശിക്ഷ വിധിച്ചിട്ട് ഏകദേശം 10 വര്‍ഷത്തിലേറെയായി. ഇതിനിടെ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതി വിധി ശരിവെയ്ക്കുകയായിരുന്നു. ഇതിനിടെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കെഎംസിസി സൗദി ദേശീയ ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും അഭിഭാഷകര്‍ മുഖേന ദിയാ ധനം നല്‍കി റഹീമിനെ മോചിപ്പിക്കാന്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വധശിക്ഷയില്‍ കുറഞ്ഞ് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന നിലപാടിലായിരുന്നു കുടുംബം.

പ്രതീക്ഷ കൈവിടാതെ നടത്തിയ ശ്രമങ്ങളാണ് ദിയാ ധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാന്‍ കുടുംബം സന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച് മരിച്ച ബാലന്റെ അഭിഭാഷകന്‍ റിയാദ് ഇന്ത്യന്‍ എംബസിയെ രേഖാമൂലം അറിയിപ്പ് നല്‍കിയതോടെയാണ് പണം സമാഹരിക്കാന്‍ പ്രവാസി സമൂഹം കൈകോര്‍ത്തത്. ഈദുല്‍ ഫിത്വര്‍ ദിനത്തോടെ ആകെ ദിയാ ധനത്തിന്റെ പകുതിയെങ്കിലും സ്വരൂപിക്കാന്‍ കഴിയുമെന്നാണ് റഹീം സഹായ സമിതിയുടെ പ്രതീക്ഷ.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top