Sauditimesonline

jubair
നട്ടെല്ലു തകര്‍ന്നു; നാലര ലക്ഷം ബാധ്യതയും: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കാരന്‍ നാടണഞ്ഞു

ഓര്‍മകള്‍ക്ക് അപ്പുറത്തേക്ക് ഒരു യാത്ര

ഷാഹിന മജീദ്

ഓര്‍മവഴികള്‍താണ്ടി അപ്പുറം കടക്കണമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറായി കൊള്ളുക.

നമുക്കൊട്ടും നേരം കളയാനില്ല.

ആദ്യമായി നിങ്ങള്‍ക്ക് കൂട്ടിരുന്ന പുസ്തകങ്ങളെയും കേട്ടിരുന്ന പാട്ടുകളെയും മനപ്പൂര്‍വം മറന്നു വെക്കുക.

ഇനി നമുക്ക് ഏകാന്തതയുടെ വിശാലതയിലേക്കു മെല്ലെ പടിയിറങ്ങാം. വഴിയരികില്‍ നിഷ്‌കളങ്കമായി ചിരിച്ചു നില്‍ക്കുന്ന ഇലപ്പച്ച, പൂമഞ്ഞകളെ കണ്ടില്ലെന്നു നടിക്കുക. അവ നിങ്ങളെ ബാല്യത്തിന്റെ ഊഞ്ഞാലില്‍ പിടിച്ചിരുത്തി ഊളിയിട്ടു കളയും.

നമുക്കൊട്ടും നേരം കളയാനില്ലല്ലോ…

പടിക്കെട്ടുകളില്‍ പടര്‍ന്നിറങ്ങുന്ന കൗമാരത്തിന്റെ മുല്ലവള്ളികളില്‍ ഉടക്കി വീഴാതെ പിടിച്ചു കയറുക. കാരണം കൂടെപ്പിറക്കാതെ പോയ കൂടപ്പിറപ്പുകളും കുറുമ്പിന്റെ കളിവഞ്ചികള്‍ ഒരുമിച്ചു തുഴഞ്ഞ കൂട്ടുകളും കൂടി സൗഹൃദത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചിട്ടു കളയും.

നമുക്കൊട്ടും നേരം കളയാനില്ലല്ലോ…

യൗവനത്തിന്റെ കൊടുമുടികളിലേക്കു കയറാനൊരുങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

പ്രണയത്തിന്റെ വാകമരങ്ങള്‍ പൂത്തുലഞ്ഞു കൊഴിഞ്ഞ വഴിനീളെ ചുവന്നപാരവതാനി കണക്കെ വിരിച്ചിട്ട വാകപ്പൂക്കളില്‍ നിങ്ങളുടെ ഓര്‍മ്മകള്‍ ചുവന്നു തുടുക്കാതിരിക്കാന്‍ ഉതിര്‍ന്നുവീണ പൂക്കളെ ചവിട്ടിയരക്കാതെ കരുതലോടെ നടക്കുക. യൗവനം വിടപറയുന്ന പാതയോരത്തിന്റെ അറ്റങ്ങളില്‍ ഗസലിന്റെ നേര്‍ത്ത ഈണങ്ങള്‍ ഒരു പിന്‍വിളി പോലെ നിങ്ങളെ മോഹിപ്പിക്കാന്‍ കാത്തു നിന്നേക്കാം.

മറക്കരുത്..

നമ്മള്‍ ഓര്‍മ്മകള്‍ക്കപ്പുറത്തുള്ള മറവിയുടെ താഴ്‌വരയിലേക്കുള്ള യാത്രയിലാണ്. ഒട്ടും ചെവിയോര്‍ക്കാതെ നിങ്ങള്‍ ആ പാതയും കടന്നെങ്കില്‍ ഉറപ്പിക്കാം. ഓര്‍മവഴികള്‍ താണ്ടിയെത്തുന്ന ആദ്യത്തെയാള്‍ നിങ്ങളാണ്.

ഇനിയുമൊട്ടും നേരമില്ലെന്നോര്‍ത്തു പിടഞ്ഞുണര്‍ന്നിറങ്ങിയ ഈ താഴ് വരയാണെന്നെ അതിശയിപ്പിച്ചു കളഞ്ഞത്. എനിക്ക് മുന്നേ ഇവിടെ എത്തി വസന്തവും ഗ്രീഷ്മവും ഹേമന്തവും ശിശിരവും വരിയിട്ടു നില്‍ക്കുന്ന ഓര്‍മകള്‍ക്ക് എന്റെ ഹൃദയമല്ലാതെ കടന്നുവരാന്‍ വേറെയും എത്രയോ വഴികളാണ്.

കുടഞ്ഞിട്ടുപോയ ചില വാക്കുകള്‍… എറിഞ്ഞിട്ടുപോയ ചില നോക്കുകള്‍… നേര്‍ത്തു നിന്നൊരു പാട്ടിന്റെ ഈണം… ഓര്‍ത്തു വെച്ചൊരു കവിതയിലെ വരികള്‍… അങ്ങനെ പിന്നെയും എത്രയോ വഴികളാണ് ഓര്‍മകള്‍ക്ക് കടന്നു വരാന്‍ കാലം ഒരുക്കി വെച്ചിരിക്കുന്നത്…

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top