
നൗഫല്‍ പാലക്കാടന്‍
റിയാദ്: ശ്രീലങ്കയുടെ വൈവിദ്യങ്ങള്‍ ആസ്വദിക്കാന്‍ സഞ്ചാരികളെ സ്വാഗതം ചെയ്ത് സൗദിയിലെ ശ്രീലങ്കന്‍ എംബസിയില്‍ ടൂറിസം പ്രചാരണം. സൗദി അറേബ്യയില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ശ്രീലങ്കയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വിനോദസഞ്ചാര മേഖലയിലെ നയതന്ത്ര പങ്കാളികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ശ്രീലങ്കന്‍ അംബാസഡറുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ശ്രീലങ്കന്‍ വിനോദസഞ്ചാര മേഖലയിലെ സ്ഥിതിവിവരക്കണക്കുകള്‍, രാജ്യത്തിന്റെ പൈതൃകം, സംസ്‌കാരം, വാസ്തുവിദ്യാ ചരിത്രം, പ്രകൃതി, ഭക്ഷണം എന്നിവ അനാവരണം ചെയ്യുന്ന ഡോകുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

2019 മുതല്‍ ശ്രീലങ്കയില്‍ വിനോദ സഞ്ചാരം പ്രതിസന്ധിയിലാണ്. കൊവിഡും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭവും ഇതിന് കാരണമാണ്. എന്നാല്‍ 2023 ആയതോടെ ടൂറിസം മേഖല സജീവമായി. ജനുവരിയിലും ഫെബ്രുവരിയിലും ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെത്തി. ഇത് ടൂറിസം തിരിച്ചു വരുന്നതിന്റെ സൂചനയാണെന്ന് അംബാസഡര്‍ പി എം ഹംസ പറഞ്ഞു. ‘ഞങ്ങള്‍ തിരിച്ചുവരുകയാണ്. ഞങ്ങളുടെ കൈകള്‍ പിടിച്ച്, ഞങ്ങളോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കണം’-അംബാസഡര്‍ അഭ്യര്‍ഥിച്ചു.

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ രാജ്യം വീണ്ടും ഒരുങ്ങിയ പ്രഖ്യാപനം നടത്തിയ ചടങ്ങില്‍ എംബസി ഹെഡ് ഓഫ് ചാന്‍സറി എന്‍.എം.എം. അനസ്, മിനിസ്റ്റര്‍ സന്‍ജീവ പറ്റിവില എന്നിവരും സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.