Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

ആടുജീവിതത്തിന് മോചനം; ഗുജറാത്ത് സ്വദേശി നാടണഞ്ഞു

റിയാദ്: ഖത്തര്‍ വിസയില്‍ സൗദി മരുഭൂമിയില്‍ ആടിനെ മേയ്ക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ യുവാവിന് ദുരിത ജീവിതത്തില്‍ നിന്ന് മോചനം. ഗുജറാത്ത് വീര്‍പുര്‍ മഹിസാഗര്‍ സ്വദേശി യൂനസ് ബായ് നബ്ജി ബായ് ശൈഖ് ആണ് രണ്ട് മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങയത്. കെഎംസിസി വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാനും എംബസി കമ്യൂണിറ്റി വളന്റിയറുമായ സിദ്ദീഖ് തുവ്വൂര്‍ നടത്തിയ ഇടപെടലാണ് മോചനത്തിന് സഹായകമായത്.

ആഗസ്ത് എട്ടിനാണ് ഖത്തര്‍ വിസയില്‍ നാട്ടില്‍ നിന്ന് ഖത്തറിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റെയിന് ശേഷം 17 ന് ഖത്തര്‍ സ്വദേശിയായ സ്‌പോണ്‍സര്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ റഫീഅയില്‍ നിന്നു മശല്ലയിലെ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കുന്ന ജോലിക്ക് നിയമിച്ചു. ഖത്തറില്‍ നിന്ന് വിസിറ്റ് വിസയിലാണ് സൗദിയിലേക്കു കടത്തിയത്. മരുഭൂമിയില്‍ ആവശ്യമായ താമസ സൗകര്യവും ഭക്ഷണവും ലഭ്യമായിരുന്നില്ല. മാത്രമല്ല, രാപ്പകല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ ക്രൂരമായ മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. ശാരീരിക പീഡനത്തിന്റെ നിരവധി മുറിവുകള്‍ ശരീരത്തിലുണ്ട്. രണ്ടര മാസം ജോലി ചെയ്‌തെങ്കിലും ശമ്പളവും ലഭിച്ചിരുന്നില്ല.

യൂനുസിന്റെ അമ്മാവന്റെ മകന്‍ സലീമിന്റെ സുഹൃത്താണ് മരുഭൂമിയില്‍ ദുരിതം നേരിടുന്ന യുവാവിന്റെ വിവരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്ഥഫയെ അറിയിച്ചു. യൂനുസിന്റെ ഉമ്മ ഇന്ത്യന്‍ എമ്പസിക്ക് പരാതിയും നല്‍കി. ഇതോടെ സിദ്ദീഖ് തുവ്വൂരിന് എംബസി ഓതറൈസേഷന്‍ നല്‍കി. ഇതോടെ റഫീഅ പോലീസില്‍ വിവരം അറിയിക്കുകയും അവിടെ നിന്ന് മശല്ല പോലീസിലേക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സിദ്ദീഖ് തുവ്വൂരും പോലീസ് പൊലീസ് ഉദ്യോഗസ്ഥരും മരുഭൂമിയില്‍ യാത്രക്ക് ഉപയോഗിക്കുന്ന പൊലീസ് വാഹനത്തില്‍ ഒട്ടകങ്ങള്‍ തമ്പടച്ചിട്ടുളള വിവിധ സ്ഥലങ്ങളില്‍ അന്വേഷണം ആരംഭിച്ചു. റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ സഞ്ചാര പാത അവസാനിക്കുന്ന സ്ഥലത്ത് ലൊക്കേഷന്‍ മാപ്പ് പ്രകാരമുള്ള സ്ഥലം അവസാനിച്ചിരുന്നു. എങ്കിലും മരുഭൂമിയിലൂടെ കിലോമീറ്ററോളം യാത്ര തുടര്‍ന്നു.

ഒട്ടകങ്ങളും, ടെന്റുകളും കാണുന്ന സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ചു. ഇതിനിടെ, മരുഭൂമിയിലെ ഒറ്റപ്പെട്ട പോര്‍ട്ടബിള്‍ ക്യാബിനിന്റെ മുന്നിലെത്തി. അവിടെയുളള ആളോട് യൂനുസിന്റെ സ്‌പോണ്‍സറുടെ പേര് ചോദിച്ചപ്പോള്‍ ഖത്തര്‍ പൗരന്‍ ഇറങ്ങി വന്നു. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ യൂനസ് ബായിയുടെ സ്‌പോണ്‍സറാണെന്നു തിരിച്ചറിഞ്ഞു. ഇതു തുടര്‍ നടപടികള്‍ വേഗത്തിലാക്കി. യൂനസിനെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. യൂനസും സ്‌പോണ്‍സറും പരസ്പര വിരുദ്ധമായി സംസാരിച്ചു. ഇതോടെ ഇരുവരെയും പോലീസ് സ്‌റ്റേഷനില്‍ ഹാജറാക്കി. കേസ് കോടതിക്ക് കൈമാറാതെ ഒത്തുതീര്‍പ്പാക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായതോടെ 70 ദിവസത്തെ ശമ്പളവും ഇന്ത്യയിലേക്കുള്ള ടിക്കറ്റും പാസ്സ്‌പോര്‍ട്ടും സ്‌പോണ്‍സര്‍ നല്‍കാമെന്ന് സന്നദ്ധത അറിയിച്ചു. മരുഭൂമിയിലെ ദുരിതം സഹിക്കാന്‍ കഴിയാതെ വന്നതോടെ ആത്മഹത്യയെ കുറിച്ച് പല തവണ ആലോചിച്ചു. സ്വര്‍ഗ്ഗം ലഭിച്ച സന്തോഷമാണെന്നും യൂനുസ് പറഞ്ഞു,

വളരെ ചെറുപ്പത്തില്‍ പിതാവ് ഉപേക്ഷിച്ച് പോയതാണ്. കുടുംബത്തിന്റെ പ്രാരാബ്ധം കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പഠനം നിര്‍ത്തി. ഏറെ പ്രതീക്ഷയോടെ പ്രവാസ ലോകത്തെത്തിയത്. എങ്കിലും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യൂനസ്. ഇന്ത്യന്‍ എമ്പസി ഉദ്യോഗസ്ഥര്‍ക്കും സൗദി പോലീസിനും കെഎംസിസി വളണ്ടിയര്‍മാര്‍ക്കും നന്ദി അറിയിച്ചാണ് യൂനസ് മടങ്ങിയത്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്ഥഫ , യൂനുസിന്റെ സഹോദരന്‍ സലീം, തോമസ് കോട്ടയം, വെല്‍ഫെയര്‍ വിങ്ങ് കണ്‍വീനര്‍മാരായ ദഖ്‌വാന്‍ വയനാട്, യൂസുഫ് പെരിന്തല്‍മണ്ണ, ഫിറോസ് കൊട്ടിയം, ജമാല്‍ എന്നിവരും സിദ്ദീഖ് തുവ്വൂരിനോടൊപ്പം സഹായത്തിനുണ്ടായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top