റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടര മാസത്തിലധികം റിയാദില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ കുട്ടനാട് സ്വദേശി സുനില്‍ തങ്കമ്മയെ വിദഗ്ദ ചികിത്സക്ക് നിട്ടിലെത്തിച്ചു. കേളി കലാ സാംസ്‌കാരിക വേദിയാണ് സുനില്‍ തങ്കമ്മക്ക് സഹായ ഹസ്തമായത്.
പതിനഞ്ച് വര്‍ഷം റിയാദ് നസീമില്‍ ഏസി ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ സുനിലിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടരമാസത്തെ ചികില്‍സക്ക് ശേഷവും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വിദഗ്ദ ചികിത്സ ലഭ്യമാക്ക് നാട്ടില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. റിയാദിലെ ചികിത്സയ്ക്ക് ഭീമമായ സംഖ്യ ആശുപത്രിയില്‍ അടക്കേണ്ടിയിരുന്നു. ഇത്രയും തുക കണ്ടെത്താന്‍ സുനിലിന് കഴിഞ്ഞില്ല. ഇതോടെയാണ് കേളി ജീവകാരുണ്യ കമ്മറ്റി ഇടപെട്ട് നാട്ടില്‍ പോകാന്‍ വഴി ഒരുക്കിയത്.
സുനിലിന്റെ യാത്രാ ചെലവും യാത്രക്കുള്ള സ്‌ട്രെക്ച്ചറിനുളള ചെലവും എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ചു. ആശുപത്രിയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള ആംബുലന്‍സ് സൗകര്യം റിയാദിലെ ഷിഫാ അല്‍ജസീറ പോളി ക്ലിനിക്ക് അധികൃതര്‍ ഒരുക്കിയിരുന്നു. ആശുപത്രിയിലെ ചികിത്സാ കാലയളവിലും നാട്ടിലെത്തിക്കുന്നതുവരെയും കേളി കുടുംബവേദി പ്രവര്‍ത്തകര്‍ ആവശ്യമായ സഹായം സുനിലിന് നല്‍കി. സുനിലിന്റെ സഹോദരന്‍ സുരേഷ് യാത്രയില്‍ അനുഗമിച്ചു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ച സുനിലിനെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സക്ക് പ്രവേശിപ്പിച്ചതായി കേളി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.