റിയാദ്: സുഡാനില്‍ കുടുങ്ങിയ ഏതാനും ഇന്ത്യക്കാരെ ജിദ്ദയില്‍ എത്തിച്ചു. കപ്പല്‍ മാര്‍ഗം സൗദി പൗരന്‍മാരോടൊപ്പമാണ് ഇന്ത്യക്കാര്‍ ജിദ്ദ തുറമുഖത്ത് എത്തിയത്. ഇവരെ വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കും.. ഖാര്‍ത്തൂം ഏയര്‍പോര്‍ട്ടില്‍ കുടുങ്ങിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരും മടങ്ങിയെത്തിയവരില്‍ ഉള്‍പ്പെടും.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിന് നേരത്തെ വെടിയേറ്റിരുന്നു. ഇതിലെ ജീവനക്കാര്‍ക്ക് ജിദ്ദ തുറമുഖത്ത് സ്വീകരണം നല്‍കി. ഇതേ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്നവരെയും കപ്പല്‍ മാര്‍ഗം രക്ഷപ്പെടുത്തി. സുഡാന്‍ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു സൗദിയുടെ രക്ഷാ ദൗത്യം. പെരുന്നാള്‍ ദിനത്തിലെ വെടിനിര്‍ത്തല്‍ പ്രയോജനപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ജിസിസി രാജ്യങ്ങളിലെ പൗരന്‍മാരെയും രക്ഷപ്പെടുത്തിയവരില്‍ ഉള്‍പ്പെടും.
അഞ്ചു കപ്പലുകളില്‍ ജിദ്ദയിലെത്തിച്ച 185 പേരില്‍ 91 പേര്‍ സൗദി പൗരന്‍മാരും മറ്റുളളവര്‍ വിദേശികളുമാണ്. സുഡാനില്‍ സംഘര്‍ഷം രൂക്ഷമായതിന് ശേഷം ആദ്യമായാണ് വിദേശ രാജ്യം പൗരന്‍മാരെ മടക്കി കൊണ്ടുവരുന്നതിന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
സുഡാനില്‍ മൂവായിരം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇവരെ ജിദ്ദ വഴി ഒഴിപ്പിക്കാനാണ് ശ്രമം. ജിദ്ദയിലെത്തിയ ഇന്ത്യക്കാരെ വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.