ഷിഹാബുദ്ദീന്‍ കുഞ്ചീസ്
ലോകം നിശ്ചലമായി പോകുന്ന ചില നിമിഷങ്ങളുണ്ട്. അപ്രതീക്ഷിതങ്ങളാകുന്ന ആഘാതങ്ങള്‍ക്കു മുന്നില്‍ തീര്‍ത്തും നിസ്സഹായാരായി പോകുന്ന മനുഷ്യര്‍. സന്തോഷത്തില്‍ കൂടെ ചിരിച്ചും, സങ്കടത്തില്‍ കൂടെ കരഞ്ഞും ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍, കുട്ടികള്‍, സഹോദരങ്ങള്‍, കൂട്ടുകാര്‍ ഒക്കെയും ഒരു നിമിഷാര്‍ദ്ധത്തില്‍ അതി ദയനീയമായ മരണത്തിന്റെ പടുകുഴിയിലേക്ക് പതിക്കുമ്പോള്‍ ഒന്ന് ഞെട്ടാന്‍ പോലുമാകില്ല. നിസ്സഹായത മാത്രം. ബുദ്ധികൊണ്ട് എല്ലാം നേടിയെന്നഭിമാനിക്കുമ്പോഴും പ്രകൃതി ദുരന്തങ്ങളുടെ ആകസ്മിതകളില്‍ പകച്ചു നില്‍ക്കാന്‍ മാത്രമേ ഇന്നും ആധുനിക മനുഷ്യനും കഴിയുന്നുള്ളു.
7.8 മാഗ്‌നിറ്റിയൂഡ്. അത്ര ശക്തമായ തീവ്രതയിലാണ് ലോക മനസ്സിനെ പിടിച്ചുകുലുക്കിയ ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂമികുലുക്കത്തിന് തുര്‍ക്കിയുടെ തെക്കേ അതിര്‍ത്തിയും സിറിയയുടെ വടക്കേ അതിര്‍ത്തിയും പങ്കിടുന്ന പ്രദേശത്തു അനുഭവപ്പെട്ടത്.
ഫെബ്രുവരി 6 ന്, സിറിയയുടെ വടക്കന്‍ അതിര്‍ത്തിക്ക് സമീപം തെക്കന്‍ തുര്‍ക്കിയില്‍ ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികളും നിരവധി മാനുഷിക സഹായ സംഘടനകളും പ്രവര്‍ത്തിക്കുന്ന ദക്ഷിണമധ്യ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിന് സമീപമായിരുന്നു ആദ്യ ഭൂചലനം. ഒമ്പത് മണിക്കൂറിന് ശേഷം ഏകദേശം 95 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനം. ഫെബ്രുവരി 9 വരെ കുറഞ്ഞത് 1,206 തുടര്‍ ചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഓരോ മണിക്കൂറിലും കൂടിക്കൊണ്ടിരിക്കുന്ന മരണസംഖ്യയില്‍ ഇരു രാജ്യങ്ങളിലുമായി ഇത് വരെ റിപ്പോര്‍ട് ചെയ്തത് 41,000-ല്‍ അധികം. ലക്ഷക്കണക്കിനാളുകള്‍ ഭവന രഹിതരായി. രണ്ട് കോടി 30 ലക്ഷത്തിലധികം ആളുകള്‍ ദുരന്തത്തിന്റെ അനന്തരഫലം നേരിട്ടനുഭവിക്കുന്നു.
ഉറ്റവരെ നഷ്ട്ടപ്പെട്ട, അതിജീവനത്തില്‍ രക്ഷപ്പെട്ട ഇരു രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ആളുകള്‍ തകര്‍ന്ന വീടുകള്‍ക്ക് മുന്നില്‍ 7 ഡിഗ്രി കൊടും ശൈത്യത്തചല്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. കൊടും തണുപ്പും വിശപ്പും പ്രിയപ്പെട്ടവരുടെ വേര്‍പാടും മാനസികമായും ശാരീരികമായും തളര്‍ത്തി.
പലരും ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങളിലും കാറുകളിലും പാര്‍ക്കുകളിലും പള്ളികളിലും പാതയോരങ്ങളിലും താല്‍ക്കാലിക അഭയം തേടി. അവര്‍ ഭക്ഷണവും ദാഹജലവും ലഭിക്കാതെ തീര്‍ത്തും ദുരിതത്തിലാണ്. അതേസമയം ദുരന്ത ഭൂമിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷ മങ്ങി തുടങ്ങി.
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ ലെവല്‍4 എമര്‍ജന്‍സി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സഹായത്തിനുള്ള അഭ്യര്‍ത്ഥന നടത്തി. ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ അന്താരാഷ്ട്ര സഹായത്തിനായുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിച്ചു. രക്ഷാസംഘങ്ങളെ വിന്യസിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ദുരന്തത്തിന് തൊട്ടുപിന്നാലെ സൗദി അറേബ്യയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും എയര്‍ ബ്രിഡ്ജുകള്‍ സ്ഥാപിച്ചു ഭക്ഷണം, മരുന്ന്, അവശ്യ സാധനങ്ങള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെ ദുരന്ത ഭൂമിയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു.
ഭൂകമ്പബാധിതര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനുള്ള തുര്‍ക്കി മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയോട് സൗദി അറേബ്യ ധ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
സൗദിയുടെ അയല്‍ രാജ്യമായ യുഎഇ തുര്‍ക്കിയിലേക്കും സിറിയയിലേക്കും ദുരിദാശ്വാസ വിമാനങ്ങള്‍ അയച്ചു, കൂടാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 100 മില്യണ്‍ ഡോളര്‍ വാഗ്ദാനവും ചെയ്തു. വിവിധ കാമ്പെയ്‌നുകലെ ഏകോപിപ്പിക്കാനുള്ള അന്താരാഷ്ട്ര ഹബ്ബായും യു എ ഇ പ്രവര്‍ത്തിക്കുന്നു.
ഫുട്ബാള്‍ ലോക കപ്പില്‍ ഉപയോഗിച്ച പതിനായിരം കാരവനുകള്‍ തുര്‍ക്കിയിലെയും സിറിയയിലെയും ദുരന്തഭൂമിയിലെ ഭവനരഹിതര്‍ക്കായി ഖത്തറും എത്തിച്ചു.
ദുരന്തത്തിന്റെ ഏറ്റവും അടുത്ത മണിക്കൂറുകളില്‍ തന്നെ സൗദി എയര്‍ ബ്രിഡ്ജ് ഓപ്പറേഷന്‍ തുര്‍ക്കിയിലേക്കും സിറിയയിലേക്കും ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചു തുടങ്ങി. സൗദിയില്‍ നിന്നു ഭക്ഷണവും വസ്ത്രവും മരുന്നും ദുരിതാശ്വാസ സാമഗ്രികളും ഉള്‍പ്പെടെ 10 കാര്‍ഗോ വിമാനങ്ങളാണ് മാനുഷിക സഹായവുമായി ഇതിനകം തുര്‍ക്കിയിലെത്തിയത്. സൗദി ദുരിതാശ്വാസ എയര്‍ലിഫ്റ്റില്‍ ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിനും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുമായി വിവിധ മെഡിക്കല്‍ ഉപകരണങ്ങളും മറ്റു സാമഗ്രികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സൗദി അധികൃതര്‍ അറിയിച്ചു. സൗദി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ തുര്‍ക്കിയിലുള്ള മറ്റു സ്ഥാപനങ്ങളുമായി സഹകരിച്ചു സ്തുത്യര്‍ഹമായി ദുരന്ത ലഘൂകരണ സേവനം തുടരുകയാണ്.
സിറിയയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് സൗദിയുടെ മാനുഷിക സഹായവുമായി ട്രക്കുകള്‍ തുര്‍ക്കിയില്‍ നിന്ന് ബാബ് അല്‍ഹവ അതിര്‍ത്തി ക്രോസിംഗ് വഴി ശനിയാഴ്ച മുതല്‍ പ്രവേശിച്ചു തുടങ്ങി. സൗദി ദുരിതാശ്വാസ ദൗത്യം നിലവില്‍ തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗദി റെഡ് ക്രസന്റ് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ.എസ്. റിലീഫ്) അറിയിച്ചു.
ഏറ്റവും വിനാശകരമായ ഈ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലവര്‍ക്കും സഹായം എത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സൗദി അറേബ്യ. സൗദിയുടെ മാനുഷികമായ എന്ത് സഹായം ആവശ്യമുണ്ടെങ്കിലും അവര്‍ എവിടെയായിരുന്നാലും അവരില്‍ എത്തിക്കുമെന്ന് റിലീഫ് സെന്റര്‍ വ്യക്തമാക്കി.
ദുരിത ബാധിത പ്രദേശങ്ങളില്‍ നടത്തിയ പര്യടനത്തിനിടെ സിറിയയിലെയും തുര്‍ക്കിയെയിലെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതില്‍ പങ്കെടുക്കുന്ന കെ.എസ്. റിലീഫ് പ്രതിനിധികളുമായി തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്രെറ്റിന്‍ കോക്ക കൂടിക്കാഴ്ച നടത്തി. സഹോദര രാജ്യങ്ങളില്‍ നിന്ന് ഇത്തരമൊരു ദുഷ്‌കര സമയത്തു പിന്തുണയും ഐക്യദാര്‍ഢ്യവും ലഭിക്കുന്നത് വളരെ പ്രധാനമാണ്, ഞങ്ങളെ പിന്തുണയ്ക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഭൂകമ്പബാധിതര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനുള്ള മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയോട് സൗദി അറേബ്യ നടത്തിയ ധ്രുതഗതിയിലുള്ള സഹകരണത്തെ തുര്‍ക്കി ആരോഗ്യമന്ത്രി പ്രശംസിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെയും നന്ദിയും അറിയിച്ചു.
തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരുടെ സമാശ്വാസത്തിനായി, സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ജനകീയ ധനസമാഹരണ കാമ്പയിനിലൂടെ വ്യാഴാഴ്ച വൈകുന്നേരം വരെ 145 മില്യണിലധികം റിയാലിന്റെ സംഭാവനകള്‍ ലഭിച്ചതായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ അറിയിച്ചു.
ദുരിതബാധിത പ്രദേശങ്ങളില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് സൗദി മെഡിക്കല്‍ സ്റ്റാഫിന് തുര്‍ക്കി സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ക്ക് പ്രതിനിധി സംഘവും നന്ദി അറിയിച്ചു.
ഭൂകമ്പം നാശം വിതച്ച രണ്ട് രാജ്യങ്ങളിലേക്കുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ സാമഗ്രികള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവയും രക്ഷാപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഏഴ് വിമാനങ്ങള്‍ അയച്ചിട്ടുണ്ട്. അതേസമയം തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പബാധിതര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളും സംഭാവനകളുമായി ആളുകള്‍ വന്‍തോതില്‍ എത്തിച്ചേരുന്നത് തുടരുന്നതിനാല്‍ തുടര്‍ന്നും വിമാനങ്ങള്‍ തുര്‍ക്കിയിലേക്കും സിറിയയിലേക്കും ദുരിതാശ്വാസ സാമഗ്രികളുമായി പറക്കാന്‍ തയ്യാറാകുകയാണെന്നു തുര്‍ക്കി അംബാസഡര്‍ ഫിരത് സുനല്‍ തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ പറഞ്ഞു. സംഭാവനകള്‍ക്ക് ഇന്ത്യയിലെ ജനങ്ങളെ നന്ദി അറിയിച്ചു. ഭൂകമ്പത്തെ അതിജീവിച്ച ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഓരോ ടെന്റും ഓരോ പുതപ്പും സ്ലീപ്പിംഗ് ബാഗുകളും വളരെ പ്രധാനമാണെന്നും സുനെല്‍ പറഞ്ഞു
കരയുന്ന ശിശുക്കളെയും ദുഃഖിതരായ കുടുംബങ്ങളെയും തകര്‍ന്നു പോകുന്ന മനുഷ്യരെയും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങളെ ചേര്‍ത്തുപിടിക്കണം. സാന്ത്വനവും സഹായമാണ് ഇപ്പോള്‍ ആവശ്യം. ദുരന്തങ്ങള്‍ക്ക് അതിരുകളില്ല, അതുകൊണ്ടുതന്നെ മനുഷ്യഹൃദയങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും രാഷ്ട്രത്തിന്റെയും അതിരുകളില്ലെന്ന് തെളിയിക്കുന്നതാണ് ദുരിത ഭൂമിയില്‍ വിവിധ രാജ്യങ്ങളിഫ നിന്നുളള ദുരിതാശ്വാസ പ്രവര്‍ത്തകരുടെ കരുതല്‍.
മനുഷ്യന്റെ ഇടപെടലില്‍ ഉണ്ടായ യുദ്ധത്തിന്റെ പേരില്‍ പന്ത്രണ്ടു വര്‍ഷമായി അടച്ചിട്ടിരുന്ന തുര്‍ക്കി സിറിയ അതിര്‍ത്തിയിലെ വാതിലുകള്‍ തുറന്നു. വംശീയതയുടെയും വൈരത്തിന്റെയും പക തുപ്പുന്ന മിസൈലുകള്‍ അല്ല ഇപ്പോള്‍ അതുവഴി പായുന്നത്, വിശപ്പിലും കൊടും ശൈത്യത്തിലും മരണത്തെ മുഖാമുഖം കാണുന്നവര്‍ക്കായുള്ള ഒരു തരി ജീവനുമായി ഭക്ഷണവും മരുന്നും പുതപ്പുകളുമാണ്. മനുഷ്യന്റെ പകക്കു പ്രകൃതിയുടെ മുന്നറിയിപ്പ്!
ഉറ്റവരെ വേര്‍പെടുന്നത് കഠിനമായ വേദനയാണ്; ആ വേദനയില്‍ നിന്നും എത്രയും പെട്ടെന്ന് കര കയറാന്‍ ഓരോരുത്തര്‍ക്കും വളരെ വേഗത്തില്‍ കഴിയട്ടെ. തുര്‍ക്കിത്തയുടെയും സിറിയയുടെയും ദുഖത്തിനൊപ്പം ചേരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.