
റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ പുറത്തിറക്കിയ തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍. വ്യക്തികളുടെ പേരിലുളള വാഹനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ തവക്കല്‍നാ ആപ്പിലെ സേവനങ്ങളുടെ എണ്ണം 26 ആയി ഉയര്‍ന്നു.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും വ്യക്തിഗത വിവരങ്ങളും കൊവിഡ് സ്റ്റാറ്റസും ഉള്‍പ്പെടെയുളള വിവരങ്ങളാണ് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പുതുതായി വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് കാലാവധി എന്നിവ ഉള്‍പ്പെടുത്തിയാണ് തവക്കല്‍നാ പരിഷ്‌കരിച്ചത്.

രാജ്യത്ത് കൊവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നവരെ കണ്ടെത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി ഡാറ്റാ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയാണ് തവക്കല്‍നാ ആപ് പുറത്തിറക്കിയത്. പിന്നീട് ഹെല്‍ത്ത് പാസ്‌പോര്‍ട്ട് ഉള്‍പ്പെടുത്തി. എട്ട് വിഭാഗങ്ങളില്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം പരിഷ്‌കരിച്ചിരുന്നു.
രാജ്യത്തെ വിനോദ പരിപാടികളുടെ ടിക്കറ്റുകള്‍ തവക്കല്‍നാ ആപ് വഴി നേടാന്‍ നേരത്തെ സൗകര്യം ഒരുക്കിയിരുന്നു. ഡിജറ്റല്‍ ഇഖാമ, ആശ്രിത വിസയിലുള്ളവരുടെ വിവരങ്ങള്‍, ഉംറ തീര്‍ത്ഥാടനം, മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശനം, എമര്‍ബന്‍സി മെഡിക്കല്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങളും തവക്കല്‍നാ ആപ്പില്‍ ലഭ്യമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.