റിയാദ്: മലയാളി താരം ഖദീജ നിസയുടെ കരുത്തില്‍ സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യയ്ക്കു സുവര്‍ണ നേട്ടം. വനിതാ സിംഗിള്‍സ് അണ്ടര്‍ 19 മത്സരത്തില്‍ ഖദീജ നിസ സ്വര്‍ണം നേടി. ഫൈനലില്‍ മൗറീഷ്യസ് താരം ഇല്‍ഷ ഹൊ ഹോംഗ് നെ 21-16, 21-15 പോയിന്റുകള്‍ക്ക് അട്ടിമറിച്ചാണ് ഖദീജയുടെ ആധികാരിക ജയം. മിക്‌സഡ് ഡബിള്‍സില്‍ വെളളിയും സീനിയര്‍ വിഭാഗത്തില്‍ വെങ്കലവും ഖദീജ നേടി. കഴിഞ്ഞ വര്‍ഷവും സൗത് ആഫ്രിക്കന്‍ ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ ഖദീജ സൗദി ദേശീയ ഗെയിംസ് ഹാട്രിക് സ്വര്‍ണ മെഡല്‍ ജേതാവാണ്. ദേവഗിരി കോളെജിനെ പ്രതിനിധീകരിച്ച് കോഴിക്കോട് സര്‍വ്വകലാ ശാലാ മീറ്റിലും ഖദീജ നയിച്ച ടീം ജേതാവായിരുന്നു.
സൗത് ആഫ്രിക്കയിലെ കേപ് ടൗണില്‍ 2024 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ ആയിരുന്നു മത്സരം. അണ്ടര്‍ 19, സീനിയര്‍ ടീമുകളില്‍ പത്ത് മെഡലുകള്‍ നേടി സൗദി ദേശീയ ബാഡ്മിന്റണ്‍ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് കൈവരിച്ചത്.
ഖദീജ നിസ ദേവഗിരി കോളജ് ടീമിനൊപ്പം
വനിതാ സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ഇനങ്ങളിലായി മൂന്ന് സ്വര്‍ണ മെഡല്‍ നേടി. പുരുഷ സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും രണ്ട് വെള്ളിയും പുരുഷ ഡബിള്‍സിലും വനിതാ സിംഗിള്‍സിലും രണ്ട് വെങ്കലവും നേടിയാണ് സൗദി ടീം കരുത്ത് തെളിയിച്ചത്. അന്താരാഷ്ട്ര വേദികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദേശീയ ടീം അംഗങ്ങളെ രാജ്യത്തിന്റെ അഭിമാനമാണെന്ന് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.