
റിയാദ്: വ്യോമ ഗതാഗതം സുഗമമാക്കുന്നതിന് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ ‘അയാട്ട’യുമായി സൗദി അറേബ്യ കരാര്‍ ഒപ്പു വെച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ പുറത്തിറക്കിയ തവക്കല്‍നാ ആപിലെ ഹെല്‍ത് പാസ്‌പോര്‍ട്ട് അയാട്ടയുമായി ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാന യാത്രയില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് തവക്കല്‍നാ ആപിലെ ഹെല്‍ത് പാസ്‌പോര്‍ട്ട് അയാട്ടയുമായി ബന്ധിപ്പിക്കുന്നത്. വിമാന യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും കരാര്‍ സഹായിക്കും. സിവില്‍ ഏവിയേഷന്‍ അസിസ്റ്റന്റ് സിഇഒ സുലൈമാന്‍ ബിന്‍ അഹമദ് അല്‍ ബസാം, അയാട്ട മിഡില്‍ ഈസ്റ്റ്- ആഫ്രിക്ക പ്രസിഡന്റ് കമാല്‍ ഹസന്‍ അല്‍ അവദ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി പുറത്തിറക്കിയ തവക്കല്‍നാ ആപ്പില്‍ 22ലധികം സേവനങ്ങള്‍ ലഭ്യമാണ്. ഇതിന് പുറമെയാണ് അയാട്ടയുമായി ബന്ധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി തവക്കല്‍നാ ആപ്‌ളിക്കേഷന്‍ വികസിപ്പിക്കുകയും രൂപകല്പനയും ചെയ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഓപ്പറേഷന്‍ പ്രോട്ടോകോള്‍ കരാറും ഒപ്പുവെച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ ആരോഗ്യ സുരക്ഷ പരിശോധിക്കുന്നതില്‍ കരാര്‍ സുപ്രധാന പങ്കുവഹിക്കും. മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തവക്കല്‍നാ ഔദ്യോഗിക രേഖയായി മാറുകയും ചെയ്യും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.