ജിദ്ദ: കോണ്‍സുലേറ്റ് സേവനങ്ങളോട് പ്രതികരിക്കാന്‍ പുതിയ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് നിയുക്ത കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി. പ്രവാസികളുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ഭാഗങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും ജൈത്രയാത്ര തുടരുകയാണെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഹജ്ജ് സേവനങ്ങളും ഇന്ത്യന്‍ സമൂഹത്തിന് മികച്ച ക്ഷേമവും പിന്തുണയും തുടരും. കോണ്‍സുലേറ്റിന്റെ ശ്രമങ്ങളില്‍ സൗദി അധികാരികള്‍ നല്‍കുന്ന വിലമതിക്കാനാവാത്ത പിന്തുണക്ക് ഫഹദ് അഹമ്മദ് ഖാന്‍ സൂരി നന്ദി പറഞ്ഞു. സുദൃഢമായ ഇന്തോ-സൗദി ഉഭയകക്ഷി ബന്ധവും ഇരു രാജ്യങ്ങളിലെയുും ജനങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.
ഇന്ത്യന്‍ പ്രവാസി സമൂഹവും കോണ്‍സുലേറ്റും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. പ്രവാസി സമൂഹവുമായി കൂടുതല്‍ അടുത്തു ഇടപെടാനുളള അവസരം ഒരുക്കും. കോണ്‍സുലാര്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാ വിരുന്നും ദേശഭക്തി ഗാനങ്ങളും അരങ്ങേറി. സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍, കോണ്‍സുലേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.