
റിയാദ്: സൗദി അറേബ്യയില്‍ അഞ്ചു മാസത്തിനകം 30 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളില്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ രാജ്യത്തെത്തി ഒരാഴ്ചക്കിടെ റിയാദ്, ജിദ്ദ, ദമ്മാം എന്നീ പട്ടണങ്ങളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. ഏഴു ലക്ഷത്തിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ 10 ലക്ഷം വാക്‌സിന്‍ എത്തിക്കും. മെയ് മാസത്തോടെ 30 ലക്ഷം ഡോസ് രാജ്യത്ത് എത്തിക്കാനുളള നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും മന്ത്രാലയം അറിയിച്ചു.

മറ്റു ചില വാക്‌സിനുകള്‍ക്കും അംഗീകാരം നല്‍കാനുളള നടപടി ആരോഗ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ പരിശോധനകളും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുളള നടപടികളും തുടരുകയാണ്. വാക്‌സിന്റെ ശാസ്ത്രീയ പരശോധനകളും വിശകലനങ്ങളും നിര്‍മാതാക്കള്‍ ഓരോ ഘട്ടത്തിലും സ്വീകരിച്ച നടപടികളും വിലയിരുത്തും. അതിന് ശേഷം മാത്രമാണ് അംഗീകാരം നല്‍കുക. നിലവില്‍ ഫൈസര്‍ ബയോടെകിന്റെ കൊവിഡ് വാക്‌സിന് മാത്രമാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയിട്ടുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
