
റിയാദ്: സൗദിയില്‍ വിദേശികളുടെ താമസാനുമതിരേഖയായ ഇഖാമ പുതുക്കാനുളള ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ചുരുക്കാന്‍ അനുമതി. നിലവില്‍ ഇഖാമയുടെ മിനിമം കാലാവധി ഒരു വര്‍ഷമാണ്. ഭേദഗതി ചെയ്ത വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ ഇഖാമ നേടുന്നതിനും പുതുക്കുന്നതിനും മൂന്ന് മാസത്തെ ലെവി ഉള്‍പ്പെടെയുളള ഫീസ് അടച്ചാല്‍ മതിയാകും. ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ച് അടക്കുന്നതില്‍ നിന്ന് ഇളവു ലഭിക്കുന്നത് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമാകും.

അതേസമയം, ലെവി ബാധകമല്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മൂന്ന് മാസം വീതം ഇഖാമ പുതുക്കാന്‍ അവസരം ഉണ്ടാവില്ല. മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം നേരത്തെ തവണകളായി ലെവി അടച്ച് ഇഖാമ പുതുക്കാന്‍ അനുമതി നല്‍കണമെന്ന് മന്ത്രി സഭയില്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
