Sauditimesonline

forma
ഫോര്‍മ ഇഫ്താര്‍ വിരുന്ന്

മൂന്നു മാസത്തെ അനിശ്ചിതത്വം; മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും

റിയാദ്: ഉനൈസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം മൂന്നു മാസത്തിനു ശേഷം നാട്ടിലെത്തിക്കാന്‍ നടപടി പൂര്‍ത്തിയായി. കൊല്ലം ചിതറ ഭജനമഠം പത്മവിലാസത്തില്‍ മണിയനാചാരിയുടെ മകന്‍ ശരത് (42), ഭാര്യ കൊല്ലം മാന്തോപ്പില്‍ അക്ഷരനഗര്‍ പ്രവീണ്‍ നിവാസില്‍ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഫെബ്രുവരി 14ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കം. നവംബര്‍ 14ന് ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉനൈസയില്‍ ഇലക്ട്രിക്, പ്ലംബിങ് ടെക്‌നീഷ്യനായിരുന്നു ശരത്. സംഭവത്തിന് രണ്ടുമാസം മുമ്പ് സന്ദര്‍ശന വീസയിലാണ് പ്രീതി ശരതിന്റെ അടുത്തെത്തിയത്. രാവിലെ ശരത് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ തുണിമുറുകിയ നിലയിലായിരുന്നു പ്രീതി. ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് ശരതിനെ കണ്ടെത്തിയത്.

ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പൊലിസ് അന്വേഷണത്തിന്റെ ഭാഗമായാണ് നാട്ടിലെത്തിക്കാന്‍ വൈകിയത്. സമഗ്ര അന്വേഷണം പൂര്‍ത്തിയായതോടെയാണ് മൃതദേഹo നാട്ടിലേക്ക് അയക്കാന്‍ അനുമതി ലഭിച്ചത്. കനിവ് ജീവകാരുണ്യകൂട്ടായ്മ പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയത്.

സുഹൃത്തുക്കളുമായി തലേ ദിവസം രാത്രി ഏറെ നേരം സമയം ചെലവിട്ട ഇരുവരും താമസ സ്ഥലത്തെത്തിയതിന് ശേഷം വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ പ്രീതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ശരത് ആത്മഹത്യ ചെയ്തു എന്നാണ് കരുതുന്നത്.

നാലുവര്‍ഷം മുമ്പു വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല. ‘കനിവ്’ രക്ഷാധികാരി ബി ഹരിലാലിന്റെ നേതൃത്വത്തിലാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്, റിയാദ്-മുംബൈ വഴി വെള്ളി രാവിലെ എട്ടിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top