
റിയാദ്: യുഎഇയില്‍ നിന്നു സൗദിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചിട്ടില്ലെന്ന് സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനി. അതേസമയം, വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചതോടെ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രത്യേക ബസ് സര്‍വീസിന് ശ്രമം തുടങ്ങി.
മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് സൗദിയിലേക്ക് മടങ്ങാന്‍ യുഎഇയിലെത്തിയത്. 14 ദിവസം ക്വാറന്റൈനും പൂര്‍ത്തിയാക്കി. ഇതിനിടെ ഡിസംബര്‍ 21ന് വീണ്ടും അതിര്‍ത്തികള്‍ അടച്ചു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചതോടെ പലരുടെയും യാത്ര മുടങ്ങി.

കൊവിഡിനെ തുടര്‍ന്ന് സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനി യുഎഇയിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഡ്രൈവര്‍മാര്‍ക്ക് ക്വാറന്റൈനും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുകയുളളൂവെന്ന് സാപ്ത്‌കോ വൃത്തങ്ങള്‍ പറഞ്ഞു.
വിമാന ടിക്കറ്റ് നിരക്ക് 2800 ദിര്‍ഹമായി ഉയര്‍ന്ന സാഹചര്യത്തില്‍ സാപ്ത്‌കോ ബസ് വാടകക്കെടുത്ത് സര്‍വീസ് നടത്താനാണ് മലയാളികളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. സാപ്ത്‌കോ ബസ് ലഭ്യമല്ലെങ്കില്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകളെയും ആശ്രയിക്കുന്നുണ്ട്. പരമാവധി 350 ദിര്‍ഹം ഈടാക്കി ഒരു ബസില്‍ 24 പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കും. ഇതു സാധ്യമായാല്‍ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ സൗദിയിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
