
റിയാദ്: യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദിയിലേക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി കെഎംസിസി. പ്രത്യേക ബസിലെത്തിയ യാത്രക്കാരെ റിയാദില്‍ കെഎംസിസി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
അല്‍ ഐനില്‍ കെഎംസിസി ഒരുക്കിയ ഷെല്‍ട്ടറില്‍ കഴിഞ്ഞിരുന്നവരാണ് ആദ്യ സംഘത്തില്‍ റിയാദിലെത്തിയത്. 55 സീറ്റുളള ബസ്സില്‍ കൊവിഡ് പ്രോടോകോള്‍ പ്രകാരം 27 പേരാണ് യാത്ര ചെയ്തത്. 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് വിമാന മാര്‍ഗം വരുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പാക്കേജില്‍ യുഎഇയിലെത്തിയ മലയാളികള്‍ അതിര്‍ത്തി അടച്ചതോടെ കുടുങ്ങിയിരുന്നു.

അതിര്‍ത്തി തുറന്നെങ്കിലും വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയര്‍ന്നു. ഇതോടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കെയ്യൊഴിഞ്ഞു. സൗദി കെഎംസിസിയുടെ അഭ്യര്‍ത്ഥന പ്രകാരം യുഎഇ കെഎംസിസിയാണ് മലയാളികള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കിയത്. അല്‍ ഐനില്‍ മാത്രം 350 മലയാളികള്‍ സൗദിയിലേക്കു വരാന്‍ തയ്യാറെടുക്കുകയാണ്.

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്യുന്നവരാണ് ആദ്യ സംഘത്തില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് ഭക്ഷണവും വിശ്രമത്തിനുളള സൗകര്യവും കെഎംസിസി ഒരുക്കി. എല്ലാവരെയും ജോലി സ്ഥലങ്ങളിലെത്തിക്കും. അഷ്‌റഫ് വേങ്ങാട്ട്, സിപി മുസ്തഫ, മുജീബ് ഉപ്പട, ഷംസു പെരുമ്പട്ട, മുനീര്‍ മക്കാനി, ഷഫീര്‍ പറവണ്ണ, നൗഫല്‍ താനൂര്‍, അലി അക്ബര്‍ മാവൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രക്കാരെ സ്വീകരിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
