നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: കൊവിഡ് വൈറസ് ഉയര്‍ത്തുന്ന ആഗോള പ്രതിസന്ധിയെ അതിജയിക്കാന്‍ സൗദി അറേബ്യ സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണ് നടപ്പിലാക്കുന്നതെന്നു ധന, സാമ്പത്തിക, ആസൂത്രണ വകുപ്പു മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞു.
സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളിലുണ്ടാകുന്ന ആഘാതങ്ങളെ കുറയ്ക്കുന്നതിന് നേരത്തെ എടുത്ത തീരുമാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് നടപടി. രാജ്യത്തെ പൗരന്മാര്‍, വിദേശികള്‍, സമ്പദ് വ്യവസ്ഥ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. പകര്‍ച്ചവ്യാധിമൂലമുളള ആഗോള പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ മൂന്ന് തരത്തിലുളള ആഘാതങ്ങളാണ് സൃഷ്ടിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. ഇത് പൊതു ധനസ്ഥിതിയെയും സ്ഥിരതയെയും ബാധിക്കുന്ന സാഹചര്യത്തില്‍ മാറ്റം ആവശ്യമാണ്.
ഒന്നാമതായി ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞത് പ്രതികൂലമായി ബാധിച്ചു. ബജറ്റിന്റെ ആകെ വരുമാനത്തിന്റെ വലിയ ഭാഗം ക്രൂഡ് ഓയിലാണ്. രണ്ടാമത്തേത് ജനങ്ങളുടെ ജീവിവനും സുരക്ഷയും സംരക്ഷിക്കുന്നതിനു പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ ശക്തമായ പ്രതിരോധ നടപടികളാണ് തുടരുന്നത്. ഇത് സാമ്പത്തിക ചെലവുളള പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതിന് ഇടയാക്കി. ഇതുമൂലം എണ്ണയിതര വരുമാനത്തെയും സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ട സാഹചര്യമാണ് മൂന്നാമത്തേത്. ഇത് ആസൂത്രിതമല്ലാത്ത ചെലവുകള്‍ വര്‍ധിപ്പിച്ചു. ആരോഗ്യ സേവനങ്ങളുടെ പ്രതിരോധം, ആരോഗ്യമേഖലയില്‍ തുടര്‍ച്ചയായി കൂടുതല്‍ തുക സര്‍ക്കാര്‍ അനുവദിച്ചു. ഇതിന് പുറമെയാണ് സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനും പകര്‍ച്ചവ്യാധിയുടെ ആഘാതം കുറയ്ക്കുന്നതിനും സ്വീകരിച്ച നടപടികള്‍. പൗരന്മാരുടെ ജോലി സംരക്ഷിക്കുക, സംരംഭകരെ സഹായിക്കുക തുടങ്ങിയ പദ്ധതികളും മന്ത്രി എടുത്തു പറഞ്ഞു.
വിവിധ വെല്ലുവിളികള്‍ ഒന്നിച്ച് നേരിടേണ്ടിവന്നതോടെ വരുമാനം കുറഞ്ഞു. അതുകൊണ്ടുതന്നെ ചെലവുകളില്‍ കൂടുതല്‍ നിയന്ത്രണം വരുത്തേണ്ടത് ആവശ്യമാണ്. ജനങ്ങള്‍ക്ക് അധികഭാരം ഉണ്ടാകാതെയുളള നടപടികളാണ് ധനമന്ത്രാലയം സ്വീകരിച്ചിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന ചെലവുകളില്‍ ചിലത് റദ്ദാക്കി. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യം കാണേണ്ട പദ്ധതികള്‍ക്ക് അനുവദിച്ച പല സംരംഭങ്ങളുടെയും തുക കുറയ്ക്കും. മൂല്യവര്‍ദ്ധിത നികുതി നിരക്ക് 5 ശതമാനത്തില്‍ നിന്നു15 ശതമാനമായി ഉയര്‍ത്തും. 2020 ജൂലൈ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സാമ്പത്തിക വിനിമയത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മന്ത്രിതല സമിതിയും രൂപീകരിച്ചു. പൊതുതാല്‍പര്യം, രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സംരക്ഷണം, അടിസ്ഥാന ആവശ്യങ്ങള്‍, പ്രത്യേകിച്ച് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവ ഉറപ്പുവരുത്തും. ഇപ്പോഴത്തെ തീരുമാനങ്ങള്‍ വേദനാജനകമാാണെങ്കിലും അത്യാവശ്യമാണെന്നും മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.