നസ്‌റുദ്ദീന്‍ വി ജെ

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി മെഗാഷോയില്‍ പ്രവാസിയായ നൗഫിന സാബു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടി. ബിഗ് ബോസ് ഷോ ഒരു ശരാശരി മലയാളി കുടുംബത്തിന് വെറുമൊരു ടെലിവിഷന്‍ കാഴ്ചയല്ല; മറിച്ച് അത്താഴമേശകളിലും ഓഫീസുകളിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന സാംസ്‌കാരിക പ്രതിഭാസമായി മാറി. ആധുനിക കേരളീയ സമൂഹത്തിന്റെ കൃത്യമായ പ്രതിബിംബമായി ഷോ വളരുകയാണ്. ഇരുപത്തിനാല് മണിക്കൂറും ക്യാമറകള്‍ക്ക് മുന്നിലാണ് മത്സരാര്‍ത്ഥികള്‍. അതുകൊണ്ടുതന്നെ സ്വാഭാവിക വ്യക്തിത്വം വെളിപ്പെടുത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഈഗോ, ഭയം, സ്വാര്‍ത്ഥത, കുശുമ്പ്, അനുകമ്പ, സ്‌നേഹം, കരുണ, സഹാനുഭൂതി എന്നിവയുടെ വേലിയേറ്റങ്ങള്‍ അവിടെ പ്രകടമാണ്.

വീടിനുള്ളിലെ തര്‍ക്കങ്ങളും കൂട്ടുകെട്ടുകളും നിമിഷനേരത്തിനകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളായി മാറുന്നു. വിവിധ ഗ്രൂപ്പുകളും പി.ആര്‍ ഏജന്‍സികളും വോട്ടിങ് യുദ്ധങ്ങള്‍ വഴി ഓരോ പ്രേക്ഷകനും പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്കായി തെരുവില്‍ പോരാടുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്.
വീടിനുള്ളിലെ വാഗ്വാദങ്ങളും വൈകാരിക ചൂഷണങ്ങളും നിഷേധാത്മക സംസ്‌കാരം വളര്‍ത്തുന്നുവെന്ന് ഒരു വിഭാഗം ബിഗ് ബോസിനെ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, മനുഷ്യബന്ധങ്ങളുടെയും മാനസിക കരുത്തിന്റെയും പരീക്ഷണ ഭൂമിയാണിതെന്ന് പിന്തുണയ്ക്കുന്നവരും വാദിക്കുന്നു.

ആത്യന്തികമായി, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും വികാരങ്ങളിലേക്കും ഉറ്റുനാക്കാനുള്ള മനുഷ്യന്റെ ആകാംക്ഷ തന്നെയാണ് ബിഗ് ബോസിന്റെ വിജയമന്ത്രം. വിമര്‍ശിക്കപ്പെട്ടാലും തള്ളിക്കളഞ്ഞാലും, പ്രൈംടൈം ടെലിവിഷനില്‍ മലയാളിയെ ആകര്‍ഷിച്ചു നിര്‍ത്തുന്നതില്‍ ഷോ മുന്നില്‍ത്തന്നെ നില്‍ക്കുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റിയാദില്‍ പ്രവാസിയുമായ നൗഫിന സാബു ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത് പ്രവാസ ലോകത്തും വലിയ ചര്‍ച്ചയാണ്. വന്‍തോതില്‍ എവിക്ഷനുകള്‍ക്കും പുതിയ മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ബിഗ് ബോസിലേക്കാണ് നൗഫിനയുടെ കടന്നുവരവ്!

മത്സരങ്ങള്‍ ആവേശകരമായി മുന്നേറുന്നതിനിടെ, ഷോ ആരംഭിച്ച് ആഴ്ചകള്‍ക്ക് ശേഷം പുതിയ മത്സരാര്‍ത്ഥികളെ വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണ് വൈല്‍ഡ് കാര്‍ഡ് പ്രവേശനം. ആദ്യ ദിവസം മുതല്‍ കളത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കൊപ്പം പുതിയൊരു ഊര്‍ജ്ജം സമ്മാനിക്കാന്‍ ഇവരുടെ കടന്നുവരവ് ബിഗ് ബോസ് വീട്ടില്‍ സഹായകമാകും. മാത്രമല്ല, നിലവിലെ സമവാക്യങ്ങളെ മാറ്റിമറിക്കുക എന്ന ലക്ഷ്യവും പുതിയ മത്സരാര്‍ത്ഥികളെ കളത്തിലിറക്കുന്നതിന് പിന്നിലുണ്ട്.

പുറംലോകത്ത് ഷോയെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും ഓരോരുത്തരുടെയും കളിയുടെ തന്ത്രങ്ങളും കൃത്യമായി മനസ്സിലാക്കിയാണ് പുതിയ മത്സരാര്‍ത്ഥികള്‍ അകത്തേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള കളിക്കാര്‍ക്ക് ഇത് കടുത്ത വെല്ലുവിളിയായി മാറും. പുതിയ മത്സരാര്‍ത്ഥിയുടെ പ്രവേശനം വീടിനുള്ളിലെ സൗഹൃദങ്ങളും കൂട്ടുകെട്ടുകളും മാറിമറിയും. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന പുതിയ വാഗ്വാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും കളിക്കളം സാക്ഷിയാവുകയും ചെയ്യും.

കണ്ടന്റ് ക്രിയേറ്ററും റിവ്യൂകള്‍ നടത്തി ശ്രദ്ധ നേടുകയും ചെയ്ത വ്യക്തിയാണ് നൗഫിന. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി മുദ്ര ചാര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ അവതാരക, ഇന്റര്‍വ്യൂവര്‍, പാചകക്കാരി, സംഘാടക, അഭിനയത്രി, ജീവകാരുണ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള നൗഫിനയ്ക്ക് പ്രവാസം സമ്മാനിച്ച കരുത്തുറ്റ അനുഭവസമ്പത്തുമുണ്ട്. അതുകൊണ്ടുതന്നെ ബിഗ് ബോസ് ഗെയിമിനെ സമര്‍ത്ഥമായി നേരിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
നേരത്തെ ബിഗ് ബോസ് റിവ്യൂകളും റിയാക്ഷന്‍ വീഡിയോകളും ചെയ്തിട്ടുള്ള നൗഫിന, ഹാസ്യവും രസവും കലര്‍ന്ന കണ്ടന്റുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മറ്റ് മത്സരാര്‍ത്ഥികളുടെ ഗെയിം സ്ട്രാറ്റജികളെയും നീക്കങ്ങളെയും എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് നൗഫിന മത്സരിക്കാന്‍ ഇറങ്ങുന്നത്. ചിരിച്ചുകളിച്ചു കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മിടുക്കിയാണ്. എത്ര ഉന്നതനായാലും നിലപാടുകള്‍ തുറന്നുപറയാന്‍ മടികാണിക്കില്ല. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ കൃത്യമായ മറുപടി നല്‍കാനും ഗെയിമില്‍ സജീവമായി പൊരുതാനും കഴിയുമെന്നാണ് റിയാദിലെ പ്രവാസികളുടെ വിലയിരുത്തല്‍.

ഹൗസിനുള്ളിലെ മറ്റ് മത്സരാര്‍ത്ഥികളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും കളിയും ചിരിയും കൃത്യമായി വിലയിരുത്താന്‍ നൗഫിനയ്ക്ക് സാധിക്കും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ നൗഫിനയുടെ പ്രകടനവും ഹൗസിലെ നിലപാടുകളും വരും ദിവസങ്ങളില്‍ ഗെയിമിന്റെ ഗതി മാറ്റിയെഴുതുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





