റിയാദ്: മനുഷ്യക്കടത്ത് ഇരകളായി സൗദിയിലെത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. വിസ തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമാണ് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നത്.
വിസ തട്ടിപ്പു കേസുകളിലെ ഇരകള്‍ക്ക് താമസാനുമതി രേഖയായ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ജോലി ചെയ്യാന്‍ കഴിയാതെ ദുരിതത്തിലാവുക പതിവാണ്. ഇതു ഒഴിവാക്കുന്നതിനാണ് മാനുഷിക പരിഗണന നല്‍കി മനുഷ്യക്കടത്ത് ഇരകള്‍ക്ക് താല്‍ക്കാലിക വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച് ലേബര്‍ ഓഫീസ് ഡയറക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി മനുഷ്യക്കടത്തു കേസ് പരിഗണിക്കുന്ന തീയതിവരെയാണ്. കേസ് നീട്ടിവെക്കുന്നതിനനുസരിച്ച് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കും. താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് തൊഴിലാളിയുടെ പേരിലാണ് അനുവദിക്കുന്നത്. സൗദിയില്‍ പ്രൊഫഷന്‍ ലൈസന്‍സ് ഉളളവര്‍ക്കാണ് ഇത്തരത്തില്‍ ജോലി ചെയ്യാന്‍ മനുമതി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.