അബ്ദുല്‍ബഷീര്‍ ഫത്തഹുദ്ദീന്‍
റിയാദ്: കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നു കരകയറാന്‍ ധാതുഖനന രംഗത്ത് സവിശേഷ ശ്രദ്ധ നല്‍കുകയാണ് സൗദി അറേബ്യ. എണ്ണ ഖനനത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും പുറമെ ധാതു ഖനനം സമ്പദ് വ്യവസ്ഥയുടെ മൂന്നാമത്തെ നെടുംതൂണായി മാറ്റാനാണ് ശ്രമം.
ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ജിയോളജിക്കല്‍ മാപ്പ തയ്യാറാക്കുന്നതിനു വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ഒപ്പു വച്ചു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ സൗദി ജിയോളജിക്കല്‍ സര്‍വേ (എസ്ജിഎസ്) ബോര്‍ഡും വിവിധ അന്തര്‍ദേശീയ ഏജന്‍സികളുമായാണ് കരാര്‍. 150 ദശലക്ഷം ഡോളര്‍ മൂല്യമുള്ള കരാറുകളാണ് ഒപ്പുവെച്ചത്.
സാണ്ടര്‍ ജിയോഫിസിക്‌സ് അറേബ്യ ലിമിറ്റഡ് (എസ്ജിഎല്‍), എക്‌സ്‌കാലിബര്‍ എയര്‍ബോണ്‍ ജിയോഫിസിക്‌സ് കമ്പനി, ചൈന ജിയോളജിക്കല്‍ സര്‍വേ, യുകെ ഇന്റര്‍നാഷണല്‍ ജിയോസയന്‍സ് സര്‍വീസസ് ലിമിറ്റഡ് (ഐജിഎസ്), ജിയോളജിക്കല്‍ സര്‍വേ ഓഫ് ഫിന്‍ലാന്‍ഡ് (ജിടികെ) തുടങ്ങിയ സ്ഥാപനങ്ങള്‍ ദൗത്യത്തില്‍ പങ്കെടുക്കും.
ഖനന മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാന ഡാറ്റാ ശേഖരണത്തിന് ആവേശകരമായ തുടക്കമാണിതെന്ന് മന്ത്രി അല്‍ഖൊറൈഫ് പറഞ്ഞു. സൗദി വിഷന്‍ 2030 ന്റെ പ്രധാന ഘടകമാണിതെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ സൗദിയിലെ ധാതു സമ്പന്നമായ അറേബ്യന്‍ ഷീല്‍ഡ് പ്രദേശത്ത് 600,000 ചതുരശ്ര കിലോമീറ്റര്‍ സര്‍വേ, ഭൂപടം എന്നിവ ആറ് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഭാവിയിലെ ഖനന നിക്ഷേപകര്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ധാതുസമ്പത്ത് സംബന്ധിച്ച് ഭൂമിശാസ്ത്രപരമായ അറിവിന്റെ വിലയേറിയ ഡാറ്റാബേസ്സ് തയ്യാറാക്കുകയാണ് ലക്ഷ്യം. ഭൂപടങ്ങള്‍ ഖനന മേഖലയിലെ നിക്ഷേപം, പ്രവര്‍ത്തനം എന്നിവക്ക് വ്യക്തമായ ദിശ നല്‍കും. 1.3 ട്രില്യണ്‍ ഡോളര്‍ ധാതു വിഭവങ്ങള്‍ വിഭവ വൈവിധ്യവത്കരണത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖനന മേഖലയില്‍ നിന്നുളള വരുമാനം 2015ല്‍ അഞ്ചു ബില്യണ്‍ സൗദി റിയാലായിരുന്നു. 2030 ആകുന്നതോടെ 14 ബില്ല്യന്‍ റിയായാലായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഖനന മേഖലയില്‍ 1.5 ലക്ഷം തൊഴിലാളികളാണ് നിലവിലുളളത്. ഇതു 2.2 ലക്ഷമായി ഉയര്‍ത്താനും പദ്ധതി ലക്ഷ്യം വെക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.