റിയാദ്: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ ധന സഹായം നല്‍കാന്‍ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുളളവരുടെ കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്യും.
സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തുല്യ പരിഗണന നല്‍കിയാണ് ധനസഹായം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം വിതരണം ചെയ്യും. സൗദിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് രണ്ടു മുതല്‍ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് സഹായത്തിന് അര്‍ഹതയുണ്ട്. മന്ത്രി സഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. മന്ത്രി സഭാ തീരുമാനങ്ങള്‍ മാധ്യമ വകുപ്പിന്റെ ചുമതലയുളള മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയാണ് അറിയിച്ചത്.
ഇന്ത്യക്കാരായ ഡോക്ടര്‍മാരും മലയാളികള്‍ ഉള്‍പ്പെടെയുളള നഴ്‌സുമാരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ മുഴുവന്‍ സര്‍വീസ് ആനുകൂല്യങ്ങളും അനന്തരാവകാശികള്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതിനു പുറമെയാണ് മന്ത്രിസഭ ആനുകൂല്യം പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.