റിയാദ്: സ്‌പോണ്‍സര്‍ഷിപ്പിന് (കഫാല) കീഴില്‍ വിദേശികള്‍ ജോലി ചെയ്യുന്ന സമ്പ്രദായം നിര്‍ത്തലിക്കാന്‍ സൗദി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി സൂചന. പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഈ വര്‍ഷം ഫെബ്രുവരിയിലും ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നെങ്കിലും അധികൃതര്‍ നിഷേധിച്ചിരുന്നു.
സ്‌പോണ്‍സര്‍ഷിപ്പിനു പകരം തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള അവകാശങ്ങളും കടമകളും നിര്‍വചിക്കുന്ന തൊഴില്‍ കരാറിന് രൂപം നല്‍കും. ഇതുസംബന്ധിച്ച് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അടുത്ത ആഴ്ച വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1952ല്‍ ആണ് സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം നിലവില്‍ വന്നത്. നിലവില്‍ വിദേശ തൊഴിലാളികളുടെ പരിപൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കാണ്. സ്‌പോണ്‍സര്‍ഷിപ് നിയമം റദ്ദാക്കുന്നതോടെ വിദേശ തൊഴിലാളികളുടെ ജീവിതത്തില്‍ കാതലായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.