Sauditimesonline

watches

അരങ്ങില്‍ നിറഞ്ഞാടി പീറ്റര്‍ പാന്‍; നെവര്‍ലാന്റ് ദീപിലേക്ക് കാണികളും

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യ വിരുന്നൊരുക്കുന്ന ‘പീറ്റര്‍ പാന്‍’ നാടക, സംഗീത ശില്പം ശ്രദ്ധ നേടുന്നു. റിയാദ് സീസണ്‍ ആഘോഷ പരിപാടികളുടെ ഭാഗമായി പ്രിന്‍സസ് നൂറ ബിന്ത് അബ്ദുറഹ്മാന്‍ സര്‍വകലാശാലയിലാണ് നാടകത്തിന് അരങ്ങുണര്‍ന്നത്.

പ്രായഭേ ദമന്യേ ഏവരെയും ആകര്‍ഷിക്കുന്ന നാടക, സംഗീത ആവിഷ്‌കാരമാണ് അരങ്ങില്‍ അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ വൈവിദ്യമാര്‍ന്ന 16 പശ്ചാത്തല ദൃശ്യങ്ങള്‍, വെളിച്ചവും ശബ്ദവും മിശ്രണം ചെയ്ത് കാണികളെ അമ്പരപ്പിക്കുന്ന സ്‌പെഷ്യല്‍ ഇഫക്ടുകള്‍ തുടങ്ങിയവ നാടകത്തെ ആകര്‍ഷകമാക്കുന്നു.

1904ല്‍ എഴുതിയ നാടകത്തില്‍ പീറ്റര്‍ പാന്‍ എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. അരങ്ങില്‍ പീറ്റര്‍ പാന്‍ പറക്കുന്നതും ഉയര്‍ന്നു ചാടുന്നതും വിസ്മയ കാഴ്ചകളാണ്. നവീന നാടക വിദ്യകള്‍ ഉപയോഗിച്ച് കാണികള്‍ക്ക് പീറ്റര്‍ പാനുമായി സംവദിക്കാന്‍ അവസരം ഉണ്ട്. സഹ കഥാപാത്രം ലോസ്റ്റ് ബോയ്‌സിനൊപ്പം പുരാതന ദ്വീപായ നെവര്‍ലാന്റിലെ അവിശ്വസനീയമായ സാഹസങ്ങളുടെ ഭാഗമായി മാറുന്ന അനുഭവമാണ് നാടകം കാണികള്‍ക്കു സമ്മാനിക്കുന്നത്.

സ്‌കോട്ടിഷ് നാടകകൃത്ത് സര്‍ ജെയിംസ് മാത്യു ബാരിയുടെ മാസ്റ്റര്‍പീസാണ് പീറ്റര്‍ പാന്‍. കാലത്തിന്റെ കുതിപ്പില്‍ പുത്തന്‍ സങ്കേതങ്ങള്‍ പരീക്ഷിച്ച് പുതു തലമുറയെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും ക്ലാസിക് നാടകത്തിന് കഴിയുന്നു എന്നതാണ് അരങ്ങില്‍ നിറഞ്ഞാടുന്ന നാടകത്തിന്റെ പ്രത്യേകത.
നവംബര്‍ 23 വരെ നാടകം തുടരും. വൈകുന്നേരം 4.30 മുതല്‍ രാത്രി 10 വരെയാണ് സമയം. 150 മുതല്‍ 500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. www.ticketmx.com ല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top