
ജിസാന്‍: തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസില്‍ ട്രെയിലര്‍ ഇടിച്ചുകയറി മലയാളി എഞ്ചിനീയര്‍ ഉള്‍പ്പെടെ 15 മരണം. ഇതില്‍ 9 പേര്‍ ഇന്ത്യക്കാരാണ്. അറാംകോ റിഫൈനറി റോഡില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. ജുബൈല്‍ എ.സി.ഐ.സി കമ്പനി ജീവനക്കാരാണ് മരിച്ച തൊഴിലാളികള്‍.

കൊല്ലം കേരളപുരം വിഷ്ണു പ്രസാദ് പിള്ള (31) ആണ് മരിച്ച മലയാളി. ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാള്‍ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. പരിക്കേറ്റ 11 തൊഴിലാളികളെ ജിസാന്‍, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സൗദി അരാംകോയുടെ ഉടമസ്ഥതയിലുളള ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോയ എസിഐസി കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. പൂര്‍ണമായി തകര്‍ന്ന ബസില്‍നിന്നു സിവില്‍ ഡിഫന്‍സ് ഭടന്‍മാരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവസ്ഥലത്ത് തന്നെ 15 പേരും മരിച്ചു.

കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തില്‍ പ്രസാദ് രാധ ദമ്പതികളുടെ മകനാണ് മരിച്ച വിഷ്ണു. ഹേഷ് ചന്ദ്ര, മുസഫര്‍ ഹുസ്സൈന്‍ ഖാന്‍ ഇമ്രാന്‍, പുഷ്‌കര്‍ സിങ് ദാമി, സപ്ലൈന്‍ ഹൈദര്‍, താരിഖ് ആലം മുഹമ്മദ് സഹീര്‍ (ബിഹാര്‍), മുഹമ്മ മോഹത്തഷിം റാസ, ദിനകര്‍ ബായ്, ഹരിദായ് തണ്ടല്‍, രമേശ് കപേലി എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. ഇവരുടെ മൃതദേഹങ്ങള്‍ ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.