Sauditimesonline

SaudiTimes

അറബ് നേതാക്കള്‍ക്ക് വലിയ ഉത്തരവാദിത്തം; പ്രതിസന്ധികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം

ലോകം എക്കാലത്തും നേരിടുന്ന വെല്ലുവിളികളിലൊന്നാണ് യുദ്ധക്കെടുതി. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ മക്കള്‍, വിധവകള്‍ എന്നിവരുടെ ദുഖവും ദുരിതവും നികത്താന്‍ കഴിയില്ല. മാനവികത ഉയര്‍ത്തിപ്പിടിച്ച് ദുരിത ബാധിതര്‍ക്ക് സാന്ത്വനം പകരലാകണം പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തം. ചര്‍ച്ചകളും സമവായങ്ങളും വഴി സമാധാനം പുനഃസ്ഥാപിക്കുന്നതിനാവണം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍. അതിന് കൂട്ടായ ശ്രമങ്ങള്‍ നടത്തുമെന്ന പ്രഖ്യാപനമാണ് 32ാമത് അറബ് ഉച്ചകോടിയ ശ്രദ്ധേയമാക്കിയത്.

22 അറബ് രാജ്യങ്ങളില്‍ നിന്നുളള ഭരണാധികാരികളും നയതന്ത്ര പ്രതിനിധികളുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. യെമന്‍, സിറിയ, ലിബിയ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട സായുധ സമരത്തിനു കടിഞ്ഞാണിടാനും കൈകോര്‍ക്കുമെന്ന പ്രഖ്യാപനമാണ് ഉച്ചകോടിയില്‍ ദൃശ്യമായത്.

വലിയ ദൗത്യനിര്‍വഹണമാണ് അറബ് നേതാക്കളുടെ ഉത്തരവാദിത്തമായി മുമ്പിലുളളത്. ഇത് സാക്ഷാത്ക്കരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് ഉച്ചകോടിക്കു ശേഷം പങ്കുവെച്ചത്. പ്രതിസന്ധികളെ സമാധാനപരമായി പരിഹരിക്കുമെന്നും അറബ് ജനതയുടെ ഐക്യം സുപ്രധാനമാണെന്നുമുളള വികാരമാണ് ഉച്ചകോടിയില്‍ മുഴങ്ങിയത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് ഹൃദയം തുറന്നുളള നേതാക്കളുടെ ആശയ വിനയിമയം സഹായിക്കും. അതാണ് അറബ് ജനത ആഗ്രഹിക്കുന്നതെന്നും ഉച്ചകോടി വ്യക്തമാക്കി. അറബ് ജനതക്കു പുറത്തുളള ശക്തികള്‍ക്ക് അറബ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം നല്‍കരുതെന്ന പൊതുവികാരമാണ് നേതാക്കള്‍ പ്രകടിപ്പിച്ചതെന്നും അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു.

അറബ് ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് സമാധാനവും നന്മയിലധിഷ്ടിതമായ സഹകരണവും ആവശ്യമാണെന്ന് ഉച്ചകോടിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് അധ്യക്ഷത വഹിച്ച കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സിറിയ ഉച്ചകോടിയില്‍ പങ്കെടുത്തതിനെയും അറബ് ലീഗില്‍ അംഗത്വം പുനസ്ഥാപിച്ചതിനെയും സൗദി അറേബ്യ സ്വാഗതം ചെയ്തു.

സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ്, ഉക്രൈന്‍ പ്രസിഡന്റ സെലന്‍സ്‌കി എന്നിവരുടെ സാന്നിധ്യം അറബ് ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കു ശേഷമാണ് സിറിയ അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആഭ്യന്ത യുദ്ധത്തെ തുടര്‍ന്ന് സിറിയയുടെ അംഗത്വം റദ്ദാക്കിയത് അറബ് ലീഗ് പുനഃസ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, ജിസിസി രാജ്യഇളുമായി സിറിയ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കും. ഇതിനുളള നടപടികളും ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ബശാര്‍ അല്‍ അസദ് ഉച്ചകോടിയില്‍ പങ്കെടുത്തതത്. നിരവധി സിറിയന്‍ പൗരന്‍മാര്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. ഇവരെ സിറിയയിലേക്ക് മടക്കി എത്തിക്കുന്നതിനുളള നടപടിയും ആരംഭിക്കും. ഇതിന് അറബ് രാജ്യങ്ങള്‍ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. ഇതും ഉച്ചകോടിയുടെ നേട്ടമായി വേണം വിലയിരുത്താന്‍

ഏതെങ്കിലും ചേരിയില്‍ പക്ഷംപിടിക്കുന്നതിന് പകരം ലോകത്ത് സമാധാനം നിലനിര്‍ത്തുകയാണ് ആവശ്യമെന്ന പ്രഖ്യാപനമാണ് ഉക്രൈന്‍ വിഷയത്തില്‍ ഉച്ചകോടി സ്വീകരിച്ചത്. ഉക്രൈന്‍ നിലപാട് കേള്‍ക്കുന്നതിനാണ് പ്രസിഡന്റിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. റഷ്യയും ഉക്രൈനും മികച്ച ബന്ധം നിലനിര്‍ത്തണമെന്നാണ് അറബ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഉച്ചകോടിക്ക് കഴിഞ്ഞു.

സുഡാനില്‍ സായുധ ഭടന്‍മാര്‍ പരസ്പരം യുദ്ധം ചെയ്യുന്നത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. ഇക്കാര്യങ്ങള്‍ ഇരു വിഭാഗത്തെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. സുഡാന്റെ ഐക്യം, അഖണ്ഡത എന്നിവക്കുപുറമെ രാജ്യത്തിന്റെ ഭൗതിക സ്വത്തുക്കള്‍ സംരക്ഷിക്കണം. ഇതിന് യുദ്ധം അവസാനിപ്പിച്ച് സമന്വയത്തിന്റെ പത സ്വീകരിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.

ഫലസ്തീന്‍ ജനതയോടൊപ്പമാണ് അറബ് രാജ്യങ്ങള്‍. ഇതിന് മാറ്റമില്ലെന്ന് ഉച്ചകോടി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വീണ്ടെടുക്കണം. ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങള്‍, അറബ് സമാധാന പദ്ധതി എന്നിവക്കനുസരിച്ച് 1967 ലെ അതിര്‍ത്തി അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം. കിഴക്കന്‍ ജറൂസലം അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണം. ഇക്കാര്യങ്ങളില്‍ വീട്ടുവീഴ്ചക്കില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ഇറാനുമായി അറബ് രാജ്യങ്ങളുടെ ശീതസമരം ഇല്ലാതാക്കുമെന്നും യെമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്നും പ്രതീക്ഷ പങ്കുവെച്ചാണ് ഉച്ചകോടിക്ക് തിരശീല വീണത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top