
സൗദിയുടെ കുതിപ്പിനൊപ്പം ഉയരുകയാണ് ബഹിരാകാശ ഗവേഷണവും. അതിന്റെ ഭാഗമാണ് റയ്യാന ബര്‍നാവിയും അലി അല്‍ ഖര്‍നിയുടെയും ബഹിരാകാശയാത്രം. പ്രഥമ അറബ് വനിതാ ബഹിരാകാശ സഞ്ചാരി എന്ന പ്രത്യേകതയും റയ്യാനക്കുണ്ട്. അതുകൊണ്ടുതന്നെ പിന്തുണയും പ്രോത്സാഹനവും നല്‍കിയ സൗദിയുടെ ചരിത്ര നിമിഷം കൂടിയാണിത്.

‘ഹലോ! ഈ ക്യാപ്‌സ്യൂളില്‍ നിന്ന് ഭൂമി കാണുന്നത് അതിശയമാണ്. ഞങ്ങള്‍ ഇവിടെ മൈക്രോ ഗ്രാവിറ്റി അനുഭവിച്ചുകൊണ്ടിരിക്കുന്നു. സൗദിക്കും സല്‍മാന്‍ രാജാവിനും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി.’ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സൗദിയുടെ ബഹിരാകാശ സഞ്ചാരി റയ്യാന ബര്‍നാവിയുടെ സന്ദേശം പകര്‍ന്നത് ചരിത്ര നിമിഷങ്ങളാണ്.

ബര്‍നവിയും സംഘവും ഫ്‌ളോറിഡയിലെ നാസ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഇവരോടൊപ്പം പെഗി വിറ്റ്‌സണ്‍, ജോണ്‍ ഷോഫ്‌നര്‍ എന്നീ സഞ്ചാരികളും ഉണ്ട്, 16 മണിക്കൂര്‍ സമയം എടുത്താണ് സഞ്ചാരികള്‍ ലക്ഷ്യസ്ഥാനത്ത് എത്തിത്. എട്ട് ദിവസം ഇവര്‍ അവിടെ ചെലവഴിക്കും. മെയ് 30ന് ദൗത്യസംഘം മടങ്ങി എത്തും എന്നാണ് നാസ അറിയിച്ചിട്ടുളളത്.

ബഹിരാകാശ നിലയത്തില്‍ എത്തിയ സഞ്ചാരികള്‍ക്ക് നേരത്തെ അവിടെ എത്തിയ യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയുടെ ഊഷ്മള വരവേത്പ്പാണ് ലഭിച്ചത്. സുല്‍ത്താല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും കുടിവെളളവും സ്‌നാക്‌സും കൊടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഹ്യൂമന്‍ ഫിസിയോളജി,. ഫിസിക്കല്‍ സയന്‍സ്, സ്റ്റീം തുടങ്ങി 20 ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ സംഘം പരീക്ഷണം നടത്തും. ആരോഗ്യ മേഖല ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ഭൂമിയിലെ ജീവിത സാഹചര്യങ്ങള്‍ക്ക് പരീക്ഷണം സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
