Sauditimesonline

BOOK RELEASE
ആശ്ചര്യങ്ങളുടെ ലോകം 'മിറബിള്‍: ദി ട്രാവലേഴ്‌സ്‌ വ്യൂ ഫൈന്‍ഡര്‍' പ്രകാശനം

തൊഴില്‍ വിസ: വിഎഫ്എസില്‍ ബയോമെട്രിക് എന്റോള്‍മെന്റ് നീട്ടിവെച്ചു

റിയാദ്: വിഎഫ്എസ് കേന്ദ്രങ്ങളില്‍ തൊഴില്‍ വിസ അപേക്ഷകര്‍ക്ക് ബയോമെട്രിക് എന്റോള്‍മെന്റ് നീട്ടിവെച്ചു. ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ബലിപെരുന്നാള്‍ വരെ ബയോമെട്രിക് എന്റോള്‍മെന്റ് നീട്ടിവെക്കാനാണ് തീരുമാനം.


കഴിഞ്ഞ ആഴ്ചയാണ് തൊഴില്‍ വിസ സ്റ്റാമ്പിംഗിന് ബയോമെട്രിക് വിഎഫ്എസ് കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥ പ്രാഖ്യാപിച്ചത്. 2023 മെയ് 29ന് പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യയില്‍ എട്ട് വിഎഫ്എസ് കേന്ദ്രങ്ങളില്‍ മാത്രമാണ് ബയോമെട്രിക് രേഖപ്പെടുത്താന്‍ സൗകര്യം ഉളളത്. കേരളത്തില്‍ കൊച്ചിയിലാണ് കേന്ദ്രം. അതുകൊണ്ടുതന്നെ ബയോമെട്രിക് എന്റോള്‍മെന്റ് വ്യവസ്ഥ തൊഴില്‍ തേടി എത്തുന്ന പ്രവാസികള്‍ക്ക് ഏറെ ദുരിതം നേരിട്ടിരുന്നു. മാത്രമല്ല, എന്റോള്‍മെന്റിന് അപ്പോയ്ന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യമാണുളളത്. ഈ സാഹചര്യത്തില്‍ എന്റോള്‍മെന്റ് നിര്‍ത്തിവെച്ചത് ആശ്വാസകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.


എന്നാല്‍ വിരലടയാളം രേഖപ്പെടുത്താതെ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്തു നല്‍കുമോ എന്ന് കോണ്‍സുലേറ്റിന്റെ നോട്ടീസില്‍ വ്യക്തമല്ല. ഇന്ത്യയില്‍ അഞ്ഞൂറിലധികം ട്രാവല്‍ ഏജന്‍സികള്‍ക്കാണ് സൗദി വിസ സര്‍വീസ് ചെയ്യുന്നതിന് അംഗീകാരമുളളത്. ട്രാവല്‍ ഏജന്‍സികള്‍ക്ക് രാജ്യവ്യാപകമായി ബ്രാഞ്ചുകളുമുണ്ട്. ഇത്തരത്തില്‍ ആയിരത്തിലധികം ഓഫീസുകളും നാലായിരത്തിലധികം ജീവനക്കാരുമാണ് വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായും സേവനം അനുഷ്ടിക്കുന്നത്. എന്നാല്‍ വിഎഫ്എസ് കേന്ദ്രങ്ങളില്‍ ബയോമെട്രിക് എന്റോള്‍മെന്റ് ഏര്‍പ്പെടുത്തിയതോടെ സൗദി അറേബ്യയിലേക്ക് വിസ സര്‍വീസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി.

സന്ദര്‍ശന വിസ നേടുന്നതിനുളള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള അവകാശം നേരത്തെ തന്നെ വിഎഫ്എസിന് കൈമാറിയിരുന്നു. ഇതോടെ ആഴ്ചയില്‍ 5000 വിസ സ്റ്റാമ്പ് ചെയ്തിരുന്ന സ്ഥാനത്ത് ആയിരം പോലും വിതരണം ചെയ്യാതായി. സ്റ്റിക്കര്‍ രൂപത്തിലുളള വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന് പകരം ക്യൂആര്‍ കോഡ് രേഖപ്പെടുത്തിയ ഓണ്‍ലൈന്‍ വിസയാണ് വിസിറ്റിംഗ് വിസക്ക് പുതുതായി അനുവദിക്കുന്നത്. സേവനങ്ങള്‍ വിഎഫ്എസിലേക്ക് മാറിയതോടെ ട്രാവല്‍ ഏജന്‍സികളും എയര്‍ലൈനുകളും പ്രതിസന്ധിയിലായി. അവധിക്കാലത്ത് ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ സന്ദര്‍ശകര്‍ സൗദിയിലെത്തുക പതിവാണ്. പുതിയ വ്യവസ്ഥ ബാധകമായതോടെ പലര്‍ക്കും സന്ദര്‍ശക വിസ ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെ യാത്ര ഒഴിവാക്കി. ഇത് വിമാന സര്‍വീസുകളില്‍ തിരക്ക് കുറക്കാന്‍ ഇടയാക്കി. സൗദിയിലെ ടൂറിസം മേഖലയേയും ഇത് സാരമായി ബാധിക്കും. സൗദിയില്‍ സന്ദര്‍ശകള്‍ കുറയുന്നത് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വിസിറ്റ് വിസ സ്റ്റാമ്പിംഗിന് ഏര്‍പ്പെടുത്തിയ പരിഷ്‌കരണം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന വിധം മാറ്റുമെന്നാണ് ഈ മേഖലയിലുളളവരുടെ പ്രതീക്ഷ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top