Sauditimesonline

watches

റഹിം സഹായ നിധി; വിദേശ ബാങ്കുകളില്‍ നിന്ന് നേരിട്ട് സംഭാവന പാടില്ല

റിയാദ്: റഹീമിന് ദിയാ ധനം സമാഹരിക്കുന്ന അക്കൗണ്ടുകളിലേക്ക് വിദേശ ബാങ്കുകളില്‍ നിന്ന് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതിയില്ല. കേരളത്തില്‍ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത റഹിം അസിസ്റ്റന്‍സ് കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റഗുലേഷന്‍) ആക്ട് 2010 പ്രകാരം വിദേശ ബാങ്കുകളില്‍ നിന്ന് നേരിട്ട് സംഭാവന സ്വീകരിക്കുന്നതിന് റഹിം അസിസ്റ്റന്‍സ് കമ്മറ്റിയ്ക്ക് അനുമതിയില്ല. വിദേശ പൗരന്‍മാര്‍, സ്ഥാപനങ്ങള്‍ തുടങ്ങി പത്ത് വിഭാഗം ആളുകള്‍ക്കും ഇത്തരത്തില്‍ നേരിട്ട് പണം അയക്കാന്‍ കഴിയില്ല.

സൗദിയിലെ ബാങ്കുകള്‍ വിതരണം ചെയ്ത വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവ ഉപയോഗിച്ച് ട്രാന്‍സ്ഫര്‍ ചെയ്യാനും അനുമതിയില്ല. ഇന്ത്യയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ നിന്നയക്കുന്ന സംഭാവനകള്‍ക്ക് മാത്രമേ പരിഗണിക്കുകയുളളൂ.

ഭേദഗതി വരുത്തിയ എഫ്‌സിആര്‍എ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത സമിതികള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്‍സദ് മാര്‍ഗിലുളള ദല്‍ഹി മെയിന്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങണമെന്നും നിര്‍ദേശമുണ്ട്. (വിശദ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശം കാണുക: https://www.mha.gov.in/PDF_Other/ForeigD-ForeigD-FCRA_FAQs.pdf

അതുകൊണ്ടുതന്നെ പ്രവാസികളായ ഇന്ത്യക്കാരുടെ വിദേശ രാജ്യങ്ങളിലുളള അക്കൗണ്ടില്‍ നിന്നും വിവിധ മണി ട്രാന്‍സ്ഫര്‍ ഏജന്‍സികളില്‍ നിന്നും കമ്മറ്റി അക്കൗണ്ടിലേക്ക് അയക്കുന്ന പണം ഉപയോഗിക്കാന്‍ കഴിയില്ല. പ്രവാസികളുടെ നാട്ടിലുളള എന്‍ആര്‍ഇ, എന്‍ആര്‍ഒ, എസ്ബി അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതിന് ശേഷം അതില്‍ നിന്ന് റഹിം അസിസ്റ്റന്‍സ് കമ്മറ്റി അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും കമ്മറ്റി നിര്‍ദേശിച്ചു.

അതേസമയം, സേവ് റഹിം ആപ് വഴി നടക്കുന്ന സമാഹാരം വിജയകരമാണ്. 25 കോടിയിലേക്ക് അടുക്കുന്ന സംഭാവന ഇപ്പോഴത്തെ പണമടയ്ക്കല്‍ പ്രകാരം അടുത്ത 24 മണിക്കൂറിനകം 30 കോടി കടക്കുകയോ ലക്ഷ്യം കൈവരിക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top