റിയാദ്: റഹീം സഹായ നിധിയിലേയ്ക്ക് ആപ് വഴി സ്വീകരിക്കുന്ന സംഭാവന താല്‍ക്കാലികമായി നിര്‍ത്തി. 30 കോടി 11 ലക്ഷം ആപ് വഴി സ്വീകരിച്ചതിന് ശേഷം ഇന്ന്് ഉച്ചയോടെയാണ് സംഭാവന സ്വീകരിക്കുന്നത് നിര്‍ത്തിയത്. അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനാണ് പണം സ്വരൂപിക്കുന്നത് നിര്‍ത്തിയതെന്ന് അബ്ദുല്‍ റഹിം ലീഗല്‍ അസിസ്റ്റന്‍സ് സമിതി വിശദീകരിച്ചു.
വിദേശ രാജ്യങ്ങളിലെ ബാങ്കില്‍ നിന്ന് നേരിട്ട് അക്കൗണ്ടിലേയ്ക്ക് അയച്ച പണം ഉപയോഗിക്കുന്നതിന് നിയമ തടസ്സം ഉണ്ട്. പണത്തിന്റെ സോഴ്‌സ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വിശദമായി ഓഡിറ്റ് നടത്താനാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ന് വൈകുന്നേരത്തോടെ ആപ് പുനസ്ഥാപിക്കും. എന്നാല്‍ അക്കൗണ്ട് വഴി പണം നേരിട്ട് സ്വീകരിക്കുന്നത് തുടരുകയാണ്.
അതേസമയം, റഹീം സഹായ നിധി പ്രതീക്ഷിച്ചതിലും വേഗം ലക്ഷ്യത്തിലേയ്ക്ക് അടുത്തെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് നാടുകളില്‍ വിവിധ സംഘടനകള്‍ സ്വരൂപിച്ച പണം അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കാനുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ, റഹിം സമിതി ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
