Sauditimesonline

watches

ലേണ്‍ ദി ഖുര്‍ആന്‍ സംഗമം മെയ് 3ന്; ഹനീഫ് കായക്കൊടി പങ്കെടുക്കും

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 25-ാമത് ദേശീയ സംഗമം മെയ് 03ന് നടക്കും. റിയാദ് എക്‌സിറ്റ് 18ലെ തറാഹിദ് വിശ്രമ കേന്ദ്രം, അല്‍മനാഖ് ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലെ 5 വേദികളിലായാണ് സംഗമം.

കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദവിയ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി, കബീര്‍ സലഫി പറളി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സൗദി അറേബ്യയിലെ മതസാമൂഹിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുക്കും.

രാവിലെ 8:30ന് പ്രതിനിധി സംഗമം. ഉച്ചക്ക് 2.00ന്് വേദി ഒന്നില്‍ എം.എസ്.എം റിയാദിന്റെ നേതൃത്വത്തില്‍ ടീനേജ് ഗാതറിങ് നടക്കും. വൈകീട്ട് 4:00ന് ഉദ്ഘാടന സമ്മേളനം വേദി ഒന്നില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കബീര്‍ സലഫി പറളി ഉദ്ഘാടനം നിര്‍വഹിക്കും. ബഷീര്‍ സ്വലാഹി മണ്ണാര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തും.

വേദി 3,4,5 എന്നിവിടങ്ങളിലായി ‘ഫ്രോലിക്ക്’ എന്ന പേരില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രോഗ്രാം റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് സലഫി മദ്‌റസ ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കും.

സമാപന സമ്മേളനവും സമ്മാനദാനവും പ്രത്യേകം സജ്ജമാക്കിയ അല്‍മനാഖ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 6:45ന് ആരംഭിക്കും. ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ശൈഖ് ഡോ: ഇബ്രാഹിം യഹിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 2023ല്‍ നടന്ന ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷാ വിജയികളെ ആദരിക്കും. സമാപന സംഗമത്തില്‍ ഹനീഫ് കായക്കൊടി, ആദില്‍ അത്വീഫ് സ്വലാഹി എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ഖയ്യും ബുസ്താനി, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top