റിയാദ്: പണം സമാഹരിച്ചതുകൊണ്ട് മാത്രം അബ്ദുല്‍ റഹീമിന്റെ മോചനം സാധ്യമാവില്ലെന്ന് റിയാദ് റഹീം സഹായ സമിതി. വധശിക്ഷ റദ്ദ് ചെയ്ത് മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിന് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണം. മരിച്ച സൗദി ബാലന്റെ അഭിഭാഷകന്‍ മുബാറഖ് ഖഹ്ത്വാനിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, വൈസ് ചെയര്‍മ,ന്‍ മുനീബ് പാഴൂര്‍ എന്നിവര്‍ പറഞ്ഞു.
18 വര്‍ഷം കോടതിയിലുള്ള കേസില്‍ നടപടി ക്രമങ്ങള്‍ ഓരോന്നായി തീര്‍ക്കണം. അതിനുള്ള സമയം ആവശ്യമാണ്. ദിയ ധനം നല്‍കാനുള്ള സന്നദ്ധത കോടതിയെ നേരത്തെ അറിയിച്ചിരുന്നു. മാപ്പ് നല്‍കാന്‍ സന്നദ്ധരാണെന്നു കുടുംബവും കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ കോടതി വിധി നടപ്പിലാക്കുന്നത് താല്‍കാലികമായി നിര്‍ത്തി വെക്കാന്‍ സഹായിക്കും.
എന്നാല്‍ കേസ് അവസാനിക്കുന്നില്ല. വധ ശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവുണ്ടാകണം. എന്നില്‍ മാത്രമേ ഒന്നാം ഘട്ടം പൂര്‍ത്തിയാകൂ എന്നും അഭിഭാഷകന്‍ പറഞ്ഞു.
പണം കൈമാറേണ്ട രീതി അടുത്ത സിറ്റിങ്ങില്‍ കോടതി നിര്‍ദേശിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കോടതിയിലോ ഗവര്‍ണറേറ്റിലോ ചെക്കായി നല്‍കുകയാണ് പതിവ്. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശ പ്രകാരം ഇന്ത്യന്‍ എംബസി നടപടി സ്വീകരിക്കും. പണം സൗദിയിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയവുമായി റിയാദ് ഇന്ത്യന്‍ എംബസി ഏകോപനം നടത്തുന്നുണ്ട്.
അഭിഭാഷകരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും നേരില്‍ ചര്‍ച്ച നടത്തിയെന്നും സാമൂഹ്യപ്രവര്‍ത്തകനും റഹീമിന്റെ കുടുംബം പവര്‍ അറ്റോണിയായി നിയമിച്ച സിദ്ധിഖ് തുവ്വൂര്‍ പറഞ്ഞു. കോടതി, ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ നിന്നുളള നിര്‍ദേശം അനുസരിച്ചാണ് തുടര്‍ നടപടികള്‍. സാങ്കേതിക നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഗവര്‍ണറേറ്റിലും കോടതിയിലും നേരിട്ട് ഹാജരാകുമെന്ന് സൗദി ബാലന്റെ അഭിഭാഷകന്‍ പറഞ്ഞതായും സഹായ സമിതി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.