
റിയാദ്: ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ സയാമിസ് ഇരട്ടകള്‍ക്ക് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററില്‍ സ്വീകരണം. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. അബ്ദുല്ല അല്‍റബീയ പോളണ്ടില്‍ ജനിച്ച ഒല്‍ഗ, ഡാരിയ എന്നിവരെ സ്വീകരിച്ചു. സയാമിസ് ശസ്ത്രക്രിയ വിദഗ്ദനും സൗദി രാജകൊട്ടാരം ഉപദേഷ്ടാവും റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമാണ് ഡോ. റബീഅ.

സൗദി നാഷണല്‍ ഗാര്‍ഡിന് കീഴിലുള്ള കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ 2005 ജനുവരി 4ന് 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോ. അബ്ദുല്ല അല്‍റബീയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇരട്ടകളെ വേര്‍പ്പെടുത്തിയത്.

സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ നല്‍കുന്ന കലവറയില്ലാത്ത പിന്തുണയും ദീര്‍ഘവീക്ഷണവുമാണ് സയാമീസ് ഇരട്ടകളെ സൗജന്യമായി വേര്‍പ്പെടുത്താന്‍ കഴിയുന്നതെന്ന് ഡോ. അല്‍ റബീഅ പറഞ്ഞു. 35 വര്‍ഷത്തിനിടെ 28 രാജ്യങ്ങളില്‍ നിന്നുള്ള 155 ഇരട്ടകള്‍ക്ക് ചികിത്സ നല്‍കി. 67 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സൗദി പ്രോഗ്രാം ഫോര്‍ കോന്‍ജോയ്ന്‍ഡ് ട്വിന്‍സ് പദ്ധതി പ്രകാരം രാജ്യാന്തര തലത്തില്‍ ചികിത്സ തേടുന്നവര്‍ക്കുള്ള പ്രധാന കേന്ദ്രമായി പദ്ധതി മാറി. ഭൂഖണ്ഡങ്ങളും അതിര്‍ത്തികളും വംശീയതയും കടന്ന് മാനവിക സേവനങ്ങള്‍ എത്തിക്കുന്ന സൗദി അറേബ്യയുടെ മനുഷ്യസ്‌നേഹപരമായ സമീപനത്തിന്റെ പ്രതീകമാണ് പദ്ധതി. രാജ്യാന്തര മാനവിക റാങ്കിങ്ങുകളില്‍ ഓരോ വര്‍ഷവും സൗദി അറേബ്യ മുന്‍നിരയില്‍ ഇടംപിടിക്കുന്നതു ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയ്ക്കും ഡോ. അല്‍റബീയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിനും പോളിഷ് ഇരട്ടകള്‍ നന്ദി അറിയിച്ചു. ശസ്ത്രക്രിയ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവായിരുന്നുവെന്നും സ്വതന്ത്രമായി ജീവിക്കാനും സാധാരണ ജീവിതം നയിക്കാനും കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






